തിരുവനന്തപുരം: തുലാമാസ പൂജകള്‍ക്ക് ശബരിമല നട തുറക്കുമ്പോള്‍ അരവണയ്ക്ക് പ്രതിസന്ധി ഉണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ.
ശബരിമലയില്‍ അരി കുറവ് എന്ന വാർത്തകള്‍ അടിസ്ഥാനരഹിതമാണ്. നിലവില്‍ ആയിരം കിലോ അരി സന്നിധാനത്ത് ഉണ്ട്. ഇന്നും നാളെയുമായി കൂടുതല്‍ അരി എത്തും. അരവണ ക്ഷാമം ഉണ്ടാകും എന്നത് ആരൊക്കെയോ പരത്തുന്ന വാർത്തകള്‍ മാത്രമാണെന്നും കെ ജയകുമാർ പറഞ്ഞു.
ആവശ്യത്തിനുള്ള അരി എത്തിക്കാനുള്ള ഇടപെടല്‍ നടത്തിയെന്ന് കെ ജയകുമാർ പറഞ്ഞു. ഭക്തർക്ക് യാതൊരു ആശങ്കയും വേണ്ട. മറ്റന്നാള്‍ മുതല്‍ അരവണ ഉല്പാദനം തുടങ്ങും. കൂടുതല്‍ ഭക്തർ വന്നാലും ആവശ്യത്തിനുള്ള അരവണ സന്നിധാനത്ത് ഉണ്ടാകും. 10 ലക്ഷത്തില്‍ താഴെ അരവണ ഉണ്ടാക്കി വയ്ക്കുമെന്ന് കെ ജയകുമാർ വ്യക്തമാക്കി.
ഉണക്കലരി ഉള്‍പ്പെടെ അരവണ നിർമ്മാണത്തിന് ആവശ്യമായ എല്ലാ സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസ്താവനയില്‍ അറിയിച്ചു. 15,000 കിലോ ഉണക്കലരി നാളെ പമ്പയില്‍ എത്തിച്ച് ഭക്ഷ്യ സുരക്ഷാ വുപ്പിന്റെ പരിശോധനയ്ക്കുശേഷം സന്നിധാനത്ത് എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നവീകരണത്തിന് ശേഷം അരവണ പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങുമ്പോള്‍ അരവണ നിർമ്മാണത്തിന് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും ആവശ്യാനുസരണം ലഭ്യമാക്കി ഉടൻ തന്നെ അരവണ നിർമ്മാണം ആരംഭിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.






