തിരുവനന്തപുരം: കിഫ്ബി ഭൂമി ഏറ്റെടുക്കല്‍ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ദിനംപ്രതിയെന്നോണം പുറത്തുവരുന്നു.
കിഫ്ബി പദ്ധതികളില്‍ നിർണായക തീരുമാനങ്ങളെടുത്തത് മന്ത്രിസഭ പോലും അറിയാതെയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
കണ്ണൂരിലും പാലക്കാട്ടും പന്ത്രണ്ടായിരം കോടി രൂപയ്ക്ക് ഭൂമി ഏറ്റെടുത്തത് കിൻഫ്രയുടെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമെന്ന വിവരമാണ് ഏറ്റവുമൊടുവില്‍ പുറത്തായത്.
മസാല ബോണ്ട് ഇറക്കിയ ഘട്ടത്തില്‍ ചീഫ് സെക്രട്ടറിയുടെയും ധനകാര്യ സെക്രട്ടറിയുടെയും എതിർപ്പ് മറി കടന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
ആരോഗ്യ-വ്യവസായ മേഖലകളുടെ വികസനത്തിനെന്ന പേരിലാണ് കിൻഫ്രക്കായി കണ്ണൂരിലും പാലക്കാടും 12,710 കോടി രൂപ ഭൂമി ഏറ്റെടുക്കാൻ അനുവദിച്ചത്. കിൻഫ്ര സമർപ്പിച്ച കണ്‍സെപ്റ്റ് നോട്ടിന്റെ അടിസ്ഥാനത്തില്‍ കാര്യമായ ചർച്ചകളില്ലാതെ കിഫ്ബി ബോർഡ് യോഗത്തില്‍ അനുമതി നല്‍കുകയായിരുന്നു.
കണ്ണൂരിലെ പട്ടാന്നൂർ, കോളാരി വില്ലേജുകളിലുള്‍പ്പെടുന്ന പണയത്താംപറമ്പ് മേഖലയില്‍ 1,000 ഏക്കറും പാലക്കാട് ഓലപ്പതി, കന്നമ്പ്ര എന്നിവിടങ്ങളിലായി 560 ഏക്കറുമാണ് പദ്ധതിക്കായി ഏറ്റെടുത്തത്. എന്നാല്‍ കണ്ണൂരില്‍ വൻ തുക മുടക്കി ഏറ്റെടുത്ത ഭൂമിയില്‍ ഇതുവരെയും യാതൊരു വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ല.






