ചെറുകുന്ന്: അമ്മയും അമ്മമ്മയും ചേർന്ന് വീട്ടുമുറ്റത്തുകൂടെ ചോറൂട്ടുന്നതിനിടെ മുറ്റത്തെ പൊക്കംകുറഞ്ഞ ആള്‍മറയുള്ള കിണറ്റില്‍വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം.
മാട്ടൂല്‍ പഞ്ചായത്തില്‍ മടക്കരയിലെ 'പ്രിയതാര'യില്‍ ആയുർവേദ ഡോക്ടർ പയ്യനാട്ട് സിതാരയുടെയും അമേരിക്കയില്‍ എൻജിനീയറായ തൃപ്പൂണിത്തുറയിലെ വിപിൻ നാരായണന്റെയും മകൻ സ്വാതികാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മുറ്റത്ത് നിർത്തിയിട്ട കാറിന്റെയും സ്കൂട്ടറിന്റെയും ഇടയിലൂടെ കളിച്ചും നടന്നും ഭക്ഷണം കഴിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. ഇതറിയാതെ വീട്ടുകാർ വീടിനകത്തും പറമ്പിലും കുഞ്ഞിനായി തിരച്ചില്‍ നടത്തി. എങ്ങും കാണാതായതോടെ കിണറ്റില്‍ നോക്കിയപ്പോള്‍ വെള്ളത്തില്‍ അനക്കവും കുഞ്ഞിന്റെ ചെരിപ്പും കണ്ടു
ഉടൻ അമ്മമ്മ രാധ കിണറ്റിലേക്ക് ചാടി കുഞ്ഞിനെ പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. വെന്റിലേറ്ററിലായിരുന്ന കുഞ്ഞിന്റെ മരണം വെള്ളിയാഴ്ച ഉച്ചയോടെയാണ് സ്ഥിരീകരിച്ചത്. അതേസമയം കുഞ്ഞിനെ രക്ഷിക്കാൻ ചാടിയ രാധയ്ക്ക് നിസ്സാര പരിക്കുണ്ട്. മടക്കരയിലെ മുൻ അധ്യാപകൻ പയ്യനാട്ട് മുകുന്ദന്റെ മകളാണ് ഡോ. സിതാര പയ്യനാട്ട്. മൃതദേഹം ശനിയാഴ്ച പോസ്റ്റ്മോർട്ടം ചെയ്തശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്കരിക്കും.






