അഹമ്മദാബാദ് : രാജ്യത്ത് വീണ്ടും പ്രണയത്തിന്റെ പേരിൽ ദുരഭിമാനക്കൊല. ആൺസുഹൃത്തിനൊപ്പം ചെയ്ത റീൽ വൈറലായതിന് പിന്നാലെ യുവതിയെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. ഗുജറാത്തിലാണ് കൊടുംക്രൂരത. സർക്കേജ് സ്വദേശി സോഫിയ ഫറൂഖ് (22) ആണ് കൊല്ലപ്പെട്ടത്. മുഹമ്മദ് ഫറൂഖ് നവാബ്ഖാൻ (56), ഹാബിൽ ഫറൂഖ് (38) എന്നിവരാണ് പ്രതികൾ.
അതേസമയം യുവതിയുടേത് അപകടമരണമാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമം നടത്തിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്. സർക്കേജിലെ ഗെൽജിപുരയിലുള്ള ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ എത്തിച്ച ശേഷം ചുറ്റികകൊണ്ട് അടിച്ചാണ് കൊലപാതകം നടത്തിയത്. തുടർന്ന് യുവതി റോഡപകടത്തിൽ കൊല്ലപ്പെട്ടതാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതികളുടെ ശ്രമം.
ഓഗസ്റ്റ് 12ന് രാത്രി സഹോദരനായ ഹാബിലിനൊപ്പം യുവതി ബൈക്കിൽ പോകവെ അജ്ഞാത വാഹനം ബൈക്കിന് പിന്നിൽ ഇടിച്ചുവെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്. തലയ്ക്ക് പിന്നിലും കാലിലും ഗുരുതര പരിക്കേറ്റ നിലയിൽ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 13-ാം തീയതി മരണപ്പെട്ടു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മരണം വാഹനാപകടം മൂലമല്ലെന്നും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും കണ്ടെത്തിയത്.
മൂന്നുമാസം മുമ്പാണ് സോഫിയയുടെയും ആൺസുഹൃത്തിൻ്റെയും റീൽ പ്രചരിച്ചത്. സംഭവത്തിൽ യുവതിയെ താക്കീത് ചെയ്ത പിതാവും സഹോദരനും മറ്റുള്ളവരുമായി സംസാരിക്കുന്നതും വിലക്കിയിരുന്നതായി പൊലീസ് പറഞ്ഞു. കുടുംബത്തിൻ്റെ സൽപ്പേര് സൂക്ഷിക്കാൻ വേണ്ടി ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.






