ഹൃദ്രോഗവും വൃക്കരോഗവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. വൃക്കയ്ക്കുണ്ടാകുന്ന തകരാറുകള്‍ വളരെ വെെകിയാകും പലരും അറിയുന്നത്.
രക്തം, മൂത്രം എന്നിവയുടെ പരിശോധനകളും പതിവ് ആരോഗ്യ പരിശോധനകളും ഹൃദ്രോഗികള്‍ക്ക് വിട്ടുമാറാത്ത വൃക്കരോഗം നേരത്തേ കണ്ടെത്താനും, ഭാവിയില്‍ ഹൃദയ-വൃക്ക സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
ഹൃദയം വൃക്കകളിലേക്ക് രക്തം പമ്പ് ചെയ്യുമ്പോള്‍ ശരീരത്തിലെ ദ്രാവകങ്ങള്‍, ഇലക്ട്രോലൈറ്റുകള്‍, രക്തസമ്മർദ്ദം എന്നിവയെ വൃക്കകള്‍ നിയന്ത്രിക്കുന്നു. ഇവയിലൊന്നിനുണ്ടാകുന്ന തകരാറ് മറ്റേ അവയവത്തിന് അധിക സമ്മർദ്ദം ഉണ്ടാക്കിയേക്കാം. ഹൃദ്രോഗവും വൃക്കരോഗവും തമ്മില്‍ പരസ്പര ബന്ധമുണ്ടെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. അതായത്, വൃക്കരോഗം ഹൃദ്രോഗത്തിന് കാരണമാകുന്നതുപോലെ തന്നെ ഹൃദ്രോഗം വൃക്കരോഗത്തിനും കാരണമാകാം. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗാവസ്ഥകള്‍ ഇവ രണ്ടിനുമുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വിട്ടുമാറാത്ത വൃക്കരോഗം പലപ്പോഴും ലക്ഷണങ്ങളൊന്നും പ്രകടമാക്കാതെയാണ് രൂപപ്പെടുന്നത് എന്നതാണ് ഇതിലെ പ്രധാന പ്രശ്നം. വേദനയോ മൂത്രമൊഴിക്കുന്നതിലെ മാറ്റങ്ങളോ മറ്റ് പ്രകടമായ ലക്ഷണങ്ങളോ ഇല്ലാതെ തന്നെ ഒരാള്‍ക്ക് വൃക്കയ്ക്ക് കാര്യമായ തകരാറ് സംഭവിക്കാം. അതിനാല്‍, ഹൃദ്രോഗം, ഹൃദയസ്തംഭനം, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കില്‍ പ്രമേഹം എന്നിവയുള്ളവർക്ക്, ദീർഘകാല ഹൃദയ സംരക്ഷണത്തിന്റെ ഭാഗമായി പതിവായി വൃക്കകളുടെ പ്രവർത്തനം പരിശോധിക്കുന്നത് വളരെ പ്രധാനമാണ്. വൃക്കരോഗം നേരത്തേ കണ്ടെത്തുന്നതിനായുള്ള പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
സീറം ക്രിയാറ്റിനിൻ, eGFR
സാധാരണയായി വൃക്കകള്‍ പുറന്തള്ളുന്ന ഒരു മാലിന്യമായ 'സീറം ക്രിയാറ്റിനിൻ' (serum creatinine) അളവ് ഒരു സാധാരണ രക്തപരിശോധനയിലൂടെ കണ്ടെത്താനാകും. വൃക്കകള്‍ എത്ര കാര്യക്ഷമമായാണ് രക്തം ശുദ്ധീകരിക്കുന്നത് എന്ന് സൂചിപ്പിക്കുന്ന 'എസ്റ്റിമേറ്റഡ് ഗ്ലോമെറുലാർ ഫില്‍ട്രേഷൻ റേറ്റ്' (eGFR) കണക്കാക്കാൻ, ഡോക്ടർമാർ ക്രിയാറ്റിനിൻ പരിശോധനാഫലത്തോടൊപ്പം മറ്റ് ഘടകങ്ങളെയും കൂടി ആശ്രയിക്കുന്നു. കുറഞ്ഞത് മൂന്ന് മാസത്തോളം eGFR നിരക്ക് 60 mL/min/1.73 m2-ല്‍ താഴെയായി തുടരുന്നത് വിട്ടുമാറാത്ത വൃക്കരോഗത്തെ (CKD) സൂചിപ്പിക്കാം.
മൂത്രത്തിലെ ആല്ബുമിൻ-ക്രിയാറ്റിനിൻ അനുപാതം
വൃക്കകള്‍ക്ക് സംഭവിക്കുന്ന പ്രാരംഭഘട്ടത്തിലുള്ള തകരാറുകള്‍ കണ്ടെത്തുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗ്ഗങ്ങളിലൊന്നാണ് മൂത്രത്തിലെ ആല്ബുമിൻ-ക്രിയാറ്റിനിൻ അനുപാതം (uACR). ആരോഗ്യകരമായ വൃക്കകള്‍ രക്തത്തിലെ പ്രോട്ടീനായ ആല്‍ബുമിനെ ശരീരത്തില്‍ തന്നെ നിലനിർത്തുന്നു; എന്നാല്‍ വൃക്കയിലെ ഫില്‍ട്ടറിംഗ് സംവിധാനത്തിന് (അരിക്കല്‍ പ്രക്രിയയ്ക്ക്) തകരാറുണ്ടാകുമ്പോള്‍ ആല്ബുമിൻ മൂത്രത്തിലൂടെ പുറത്തേക്ക് പോകാൻ ഇടയാകുന്നു. eGFR നിരക്ക് 60-ന് മുകളിലാണെങ്കില്‍ പോലും, uACR 30 mg/g-ല്‍ കൂടുതലാണെങ്കില്‍ അത് വൃക്ക തകരാറിനെ സൂചിപ്പിക്കുന്നു.






