ഡൽഹി: ഇന്ത്യൻ ഇവി വിപണിയിലേക്ക് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ ചെറു ഇലക്ട്രിക് എസ്യുവി സിറോസ് ഇവി എത്തുന്നു.
വാഹനം വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുൻപായി പ്രീബുക്കിങ് ആരംഭിച്ചു. വാഹനത്തിന്റെ വിവരങ്ങളും പൂർണമായി പുറത്തുവിട്ടിട്ടുണ്ട്.
വാഹനത്തിന്റെ ഡിസൈൻ, സാങ്കേതിക വിവരങ്ങള്‍, സവിശേഷതകള്‍, ബാറ്ററി ഓപ്ഷനുകള്‍, ചാർജിംഗ് ശേഷി എന്നിവ കമ്പനി വെളിപ്പെടുത്തി. ബാറ്ററി പാക്ക് ഓപ്ഷനുകളിലും ARAI സാക്ഷ്യപ്പെടുത്തിയ 526 കിലോമീറ്റർ വരെ റേഞ്ചിലുമാണ് ലഭ്യമാകുക.
170bhp കരുത്തും 255Nm ടോർക്കും നല്കുന്ന 51.4kWh ബാറ്ററിയും, അതേ ടോർക്ക് നിലനിർത്തിക്കൊണ്ട് 135bhp കരുത്ത് നല്കുന്ന ചെറിയ 42kWh ബാറ്ററിയുമാണ് ഇതിലുള്ളത്. ചെറിയ ബാറ്ററിക്ക് 443km റേഞ്ചും വലിയ ബാറ്ററിക്ക് 526km റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. 100kW ചാർജർ ഉപയോഗിച്ച് 10 മുതല്‍ 80 ശതമാനം വരെ DC ഫാസ്റ്റ് ചാർജ് ചെയ്യാൻ 39 മിനിറ്റ് സമയം മതിയാകുമെന്ന് കിയ അവകാശപ്പെടുന്നു. കൂടാതെ 11kW വരെയുള്ള AC ചാർജിംഗ് സൗകര്യവും ഇതില്‍ ലഭ്യമാണ്.
ഇന്റീരിയറില്‍ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടച്ച്സ്ക്രീൻ, ക്ലൈമറ്റ് കണ്ട്രോള് എന്നിവ സംയോജിപ്പിക്കുന്ന ഡിജിറ്റല്‍ ഡിസ്പ്ലേകള്‍ ക്യാബിനിലുണ്ട്. വെന്റിലേറ്റഡ് ഫ്രണ്ട്, റിയർ സീറ്റുകള്‍, ഹാർമൻ കാർഡണ്‍ എട്ട് സ്പീക്കർ ഓഡിയോ സിസ്റ്റം, വയർലെസ് ഫോണ്‍ ചാർജിംഗ്, പവർഡ് ഡ്രൈവർ സീറ്റ്, സ്ലൈഡിംഗ്, റീക്ലൈനിംഗ് പിൻ സീറ്റുകള്‍, വെഹിക്കിള്‍-ടു-ലോഡ് (V2L) പ്രവർത്തനം എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. ആറ് എയർബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകള്‍, ഡ്യുവല്‍ ക്യാമറ ഡാഷ്ക്യാം, എക്സ്-ലൈൻ വേരിയന്റില്‍ 16 ഡ്രൈവർ സഹായ സവിശേഷതകളുള്ള ലെവല്‍ 2 ADAS എന്നിവ സുരക്ഷാ സംവിധാനത്തില്‍ ഉള്‍പ്പെടുന്നു.



