കൊച്ചി: സംസ്ഥാനത്തെ നിയമവിരുദ്ധ വാഹന മോഡിഫിക്കേഷനുകള്‍ക്കെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.
പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാതെയാണ് സംസ്ഥാനത്ത് പല കാര്യങ്ങളും നടപ്പിലാക്കുന്നതെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിമര്‍ശിച്ചു. ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന എല്ലാ കാര്യങ്ങളും മോട്ടോര്‍ വാഹന വകുപ്പും സര്‍ക്കാരും സൂക്ഷ്മമായി പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
ഓഫ്-റോഡ് ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ജീപ്പുകളില്‍ വലിയ ടയറുകള്‍ ഘടിപ്പിക്കുന്നത് തുടര്‍ച്ചയായ വാഹനാപകടങ്ങള്‍ക്ക് വഴിവെക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അടുത്തിടെ കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ സംഭവിച്ച ഗുരുതരമായ അപകടങ്ങള്‍ പ്രത്യേകമായി എടുത്തുപറഞ്ഞായിരുന്നു കോടതിയുടെ നിരീക്ഷണം.
വാഹനത്തിന്റെ ഘടനയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ഡ്രൈവര്‍മാരുടെ നിയന്ത്രണം നഷ്ടപ്പെടുത്താനും വഴിയാത്രക്കാരുടെയും മറ്റ് വാഹനങ്ങളുടെയും സുരക്ഷ അപകടത്തിലാക്കാനും കാരണമാകുന്നു. ദേശീയപാതകളിലെ തുടര്‍ച്ചയായ അപകടങ്ങളും നിയമവിരുദ്ധ വാഹന മോഡിഫിക്കേഷനുകള്‍ സൃഷ്ടിക്കുന്ന ഭീഷണിയും കണക്കിലെടുത്ത് ഹൈക്കോടതി സ്വമേധയാ (Suo Motu) രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടികള്‍.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്നും, റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡിവിഷന് ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. വരും ദിവസങ്ങളില്‍ ഇത്തരം മോഡിഫൈ ചെയ്ത വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ ഈ കോടതി ഇടപെടല്‍ വഴിയൊരുക്കും.





