കോഴിക്കോട്: കാപ്പ നിയമപ്രകാരം നാടുകടത്തിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ഉപാധികള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പോലീസ് പിടികൂടി.
കോഴിക്കോട് അരക്കിണര്‍ മാത്തോട്ടം സ്വദേശി അന്‍സാറി(36) നെയാണ് കാപ്പാ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ബേപ്പൂര്‍ പോലീസ് പിടികൂടിയത്.
ബേപ്പൂര്‍ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാളുടെ പേരില്‍ നിരവധി കേസുകളുണ്ട്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വെള്ളയില്‍, നടക്കാവ്, ടൗണ്‍, മാറാട്, കസബ, പന്നിയങ്കര, ബേപ്പൂര്‍, ചെമ്മങ്ങാട്, കൊണ്ടോട്ടി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ കേസുകളുണ്ട്.മയക്കുമരുന്ന് ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തല്‍, കവര്‍ച്ച, ആളുകളെ തടഞ്ഞു നിര്‍ത്തി ഗുരുതരമായ ദേഹോപദ്രവം, കൊലപാതക ശ്രമം തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.






