തിരുവനന്തപുരം : സംസ്ഥാനത്ത് ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാദ്ധ്യതയുള്ളതിനാല്‍ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദ്ദേശം.
രോഗവ്യാപനം തടയാൻ പഴുതടച്ചുള്ള പ്രതിരോധമാണ് പോംവഴിയെന്നും പൊതുജനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
ശക്തമായ പനി തലവേദന, ശരീരവേദന, ശരീരത്തില്‍ തിണർപ്പുകള്‍, ഛർദ്ദില്‍, വയറുവേദന തുടങ്ങിയവയാണ് ഡെങ്കിപ്പനി ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ആശുപത്രിയില്‍ ചികിത്സ തേടുക.സ്വയം ചികിത്സ പാടില്ല. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടൻതന്നെ പൂർണ്ണവിശ്രമം എടുത്ത് ധാരാളം വെള്ളം കുടിയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ഇടവിട്ടുള്ള മഴക്കാലത്ത് ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാൻ സാദ്ധ്യത വളരെ കൂടുതലാണ്.
വെള്ളിയാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച്ച തൊഴിലിടങ്ങളിലും ഞായറാഴ്ച്ച വീടുകളിലും കൊതുകിന്റെ പ്രജനന സാദ്ധ്യതയുള്ള ഉറവിടങ്ങള്‍ നശിപ്പിച്ച് ഡ്രൈഡേ ആചരിക്കണം. വീട്ടിനകത്ത് ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിയുടെ അടിയില്‍ വച്ചിരിക്കുന്ന പാത്രങ്ങള്‍, വെള്ളത്തില്‍ വളർത്തുന്ന അലങ്കാര ചെടി പാത്രങ്ങള്‍, ഉപയോഗിക്കാത്ത ക്ലോസെറ്റ്, എന്നിവയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാഹചര്യമുണ്ടാകരുത്.
ഉപയോഗശൂന്യമായ പാത്രം, ചിരട്ട, കുപ്പി, ടയർ , ആട്ടുകല്ല്, ഉരല് ,ക്ലോസറ്റുകള്‍ വാഷ്ബേസിനുകള്‍ തുടങ്ങിയവ അലക്ഷ്യമായി ഇടാതെ വെള്ളം വീഴാത്ത വിധത്തില്‍ സൂക്ഷിക്കുക ടെറസ്, സണ്‍ഷേഡ്, റൂഫിന്റെ പാത്തി തുടങ്ങിയവയില്‍ വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കണം.
വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും, ടാങ്കുകളും മൂടിവെയ്ക്കാനും ശ്രദ്ധിക്കണം.
കൊതുക് കടി ഏല്‍ക്കാതിരിക്കാൻ സ്വയം സുരക്ഷാ മാർഗ്ഗങ്ങള്‍ സ്വീകരിച്ച്കൊണ്ടുവേണം ഉറവിട നശീകരണത്തില്‍ ഏർപ്പെടാൻ. ശരീരമാസകലം മൂടുന്ന വിധത്തില്‍ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുകയും, ഉറങ്ങുമ്പോള്‍ കൊതുക് വല ഉപയോഗിച്ച് പ്രതിരോധം ഉറപ്പാക്കുകയും വേണം.






