തിരുവനന്തപുരം: തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തില്‍ മഴ കനക്കുന്നു.
വരുന്ന മൂന്ന് ദിവസങ്ങളില്‍ കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നും, ഓഗസ്റ്റ് ഏഴുവരെ വിവിധയിടങ്ങളില്‍ നേരിയതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
ഇതിന്റെ ഭാഗമായി ഇന്നും നാളെയും കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 12 ജില്ലകളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുള്ളത്.
തുടർച്ചയായ മഴക്കെടുതികളില്‍ സംസ്ഥാനത്ത് ഇതുവരെ 15 പേർ ജീവൻ വെടിഞ്ഞു. ദുരിതബാധിതരെ മാറ്റിപ്പാർപ്പിക്കാനായി മുന്നൂറിലധികം ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതിനോടകം ആരംഭിച്ചിട്ടുള്ളത്. എന്നാല്‍ പല ക്യാമ്പുകളിലേക്കും ആവശ്യത്തിന് സാധനസാമഗ്രികള്‍ എത്തുന്നില്ല എന്ന തരത്തിലുള്ള പരാതികളും ഉയരുന്നുണ്ട്.






