തിരുവനന്തപുരം: വിവിധ വെബ്സൈറ്റുകളില്‍ 'ClickFix' എന്ന പേരില്‍ പുതിയ സൈബർ കുറ്റകൃത്യങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്.

ഇത്തരം തട്ടിപ്പിലൂടെ വെബ്സൈറ്റ് സന്ദർശിക്കുന്ന വ്യക്തിയുടെ സിസ്റ്റം ഹാക്ക് ചെയ്ത് പണം തട്ടാനാണ് സൈബർ കുറ്റവാളികള്‍ ശ്രമിക്കുന്നത്. ചില വെബ്സൈറ്റുകള്‍ സന്ദർശിക്കുമ്പോള്‍ അവയില്‍ GENUINE CAPTCHA വെരിഫിക്കേഷൻ ഉണ്ടായിരിക്കും. എന്നാല്‍ സൈബർ കുറ്റവാളികള്‍ CAPTCHA പരിശോധന പൂർത്തിയാക്കിയതിന് ശേഷം ഉപയോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മറ്റൊരു ഡയലോഗ് ബോക്സ് പ്രദർശിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഡയലോഗ് ബോക്സില്‍ സൈബർ കുറ്റവാളികള്‍ തട്ടിപ്പിനായി തയ്യാറാക്കിയ വിവിധ നിർദ്ദേശങ്ങളായിരിക്കും നല്കിയിട്ടുണ്ടാവുക.
ഇത്തരം നിർദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവർത്തിച്ചാല്‍, സൈബർ കുറ്റവാളികള്‍ക്ക് നിങ്ങളുടെ സിസ്റ്റം ഹാക്ക് ചെയ്യുന്നതിനും അതിലൂടെ ഓണ്‍ലൈൻ ബാങ്കിംഗ് പാസ്വേഡുകള്, ഇമെയില്‍ അക്കൗണ്ടുകള്‍, ബ്രൗസറില്‍ സേവ് ചെയ്തിരിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ്വേഡുകള് എന്നിവ കൈക്കലാക്കാനും സാധിക്കും. തുടർന്ന് സൈബർ കുറ്റവാളികള്‍ ഈ ഡാറ്റ ലോക്ക് ചെയ്യുകയും, അണ്‍ലോക്ക് ചെയ്യുന്നതിനായി പണം ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. അംഗീകൃതമായ ഒരു വെബ്സൈറ്റും CAPTCHA പരിശോധനയുടെ ഭാഗമായി ഉപയോക്താവിനോട് PowerShell അല്ലെങ്കില്‍ Command Prompt കമാൻഡുകള്‍ പ്രവർത്തിപ്പിക്കാനോ, തുറക്കാനോ, ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ, സോഫ്റ്റ്വെയറുകള് ഇൻസ്റ്റാള്‍ ചെയ്യാനോ ആവശ്യപ്പെടാറില്ല. കമ്പ്യൂട്ടറില്‍ മാല്‍വെയർ ഇൻസ്റ്റാള്‍ ചെയ്തതായി സംശയം തോന്നിയാല്‍ ഉടൻ തന്നെ WiFi അല്ലെങ്കില്‍ LAN കണക്ഷൻ വിച്ഛേദിച്ച് ഉപകരണം ഇന്റർനെറ്റില്‍ നിന്ന് വേർപെടുത്തണം.
സംശയാസ്പദമായ ഫയലുകള്‍ പരിശോധിക്കുന്നതിനായി മറ്റ് കമ്പ്യൂട്ടറുകളിലേക്കോ മൊബൈല്‍ ഫോണുകളിലേക്കോ കൈമാറരുത്. സംശയം തോന്നിയാല്‍ ബാധിക്കപ്പെട്ട ഉപകരണം സുരക്ഷിതമാക്കുന്നതിന് അടുത്തുള്ള സൈബർ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുക. ഇത്തരത്തില്‍ ഓണ്‍ലൈൻ തട്ടിപ്പിനിരയായാല്‍ ഉടൻ തന്നെ 1930 എന്ന സൈബർ ഹെല്‍പ്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ ബന്ധപ്പെടേണ്ടതാണ്.






