തിരുവനന്തപുരം: ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പ് നടത്തുന്ന (മ്യൂള് അക്കൗണ്ട് തട്ടിപ്പ്) രീതി വ്യാപകമാണെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്.
അക്കൗണ്ട് വാടകയ്ക്ക് നല്കുകയാണെങ്കില് ട്രേഡിങ് നടത്തി വലിയ തുക സമ്പാദിക്കാമെന്നും മറ്റുമുള്ള വാഗ്ദാനങ്ങള് നല്കിയും മറ്റുള്ളവരുടെ അക്കൌണ്ടും ഫോണ് നമ്പറുകളും കൈവശപ്പെടുത്തിയുമാണ് ഓണ്ലൈൻ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകമാകുന്നത്. സാമൂഹിക മാധ്യമങ്ങളില് പാർട്ട് ടൈം, ഓണ്ലൈൻ ജോലികള് തിരയുന്ന വിദ്യാർത്ഥികള് ഉള്പ്പെടെയുള്ളവർ സൈബർ തട്ടിപ്പു സംഘങ്ങളുടെ വലയില് അകപ്പെടുന്നതും വ്യാപകമാണെന്ന് പൊലീസ് അറിയിച്ചു.
സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള് പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നല്കുന്നതാണ് തട്ടിപ്പു സംഘത്തിൻ്റെ മറ്റൊരു രീതി. അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോള് കമ്മീഷൻ എടുത്ത ശേഷം ബാക്കി തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടില് അയച്ചു നല്കുക എന്നതാണ് ജോലി. ഉയർന്ന കമ്മീഷനാണ് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നത്. വിദ്യാർത്ഥികള് ഉള്പ്പെടെയുള്ളവരുടെ അക്കൗണ്ടുകള് മ്യൂള് അക്കൗണ്ട് ആയി സൈബർ തട്ടിപ്പുകള്ക്ക് ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാൻമാരല്ലാത്ത യുവതീയുവാക്കള് തങ്ങള് അറിയാതെ തന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുന്നു. ഇത്തരം സൈബർ തട്ടിപ്പു സംഘത്തിൻ്റെ വലയില് അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും പൊതുസമൂഹവും അതീവ ജാഗ്രത പുലർത്തണമെന്നാണ് പൊലീസ് നല്കുന്ന നിർദേശം.
നമ്മുടെ അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുത്. ഇത്തരം ഓണ്ലൈൻ സാമ്പത്തിക തട്ടിപ്പുകള് നിങ്ങളുടെ ശ്രദ്ധയിപ്പെട്ടാല് ഉടൻ തന്നെ വിവരം 1930 ല് അറിയിക്കണം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതികള് രജിസ്റ്റർ ചെയ്യാം.






