തിരുവനന്തപുരം: പെട്രോള്‍ ഉത്പന്നങ്ങളില്‍ അളവില്‍ അധികം എഥനോള്‍ കലർത്തി വില്‍ക്കുന്നുണ്ടോയെന്ന് കേരളത്തിലും പരിശോധിക്കും.
പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർക്ക് സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് ഇതേസംബന്ധിച്ച് നിർദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള വിശദമായ ചർച്ചയ്ക്ക് ശേഷമായിരിക്കും നടപടി.
കർണാടകയില്‍ പെട്രോളില്‍ പരിധിയിലധികം എഥനോള്‍ കലർത്തി വില്‍ക്കുന്നുണ്ടെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേരളവും പരിശോധനയ്ക്കൊരുങ്ങുന്നത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളില്‍ നിന്ന് പെട്രോള്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയക്കും. കേരളത്തില്‍ ഇതേവരെയും ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെങ്കിലും കർണാടകയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുൻകരുതലായാണ് ഈ പരിശോധന.
പരിശോധനയില്‍ പെട്രോളിലോ, മണ്ണെണ്ണ ഉള്‍പ്പെടെയുള്ള മറ്റ് പെട്രോളിയം ഉത്പന്നങ്ങളിലോ അളവില്‍ കൂടുതല്‍ എഥനോള്‍ കലർത്തിയതായി കണ്ടെത്തിയാല്‍ കർശന നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വില്‍ക്കുന്ന ഇ20 പെട്രോളില്‍ 30 ശതമാനത്തിലധികം എഥനോള്‍ കലര്‍ന്നിട്ടുണ്ടെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം എണ്ണക്കമ്പനികള്‍ തള്ളിയിരുന്നു. രാജ്യത്തുടനീളമായി വിതരണം ചെയ്യുന്നത് ബിഐഎസ് അംഗീകാരമുള്ള എഥനോളാണെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു.
നിയമം അനുശാസിക്കുന്ന രീതിയിലല്ല കര്‍ണാടക സര്‍ക്കാര്‍ പരിശോധന നടത്തിയതെന്നും കമ്പനികള്‍ ആരോപിച്ചു. ലാബ് റിപ്പോര്‍ട്ടുകളും സാമ്പിളുകളും ഉടന്‍ തന്നെ കൈമാറണമെന്നും സ്വതന്ത്ര പരിശോധന വേണമെന്നും എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നും ശേഖരിച്ച 56 സാമ്പിളുകളുടെ പരിശോധനയില്‍ എഥനോളിന്റെ അളവ് കൃത്യമായി 19 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 27 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ഡിപ്പോകളില്‍ നിന്നും റീട്ടെയില്‍ ഔട്ട്ലെറ്റുകളില് നിന്നും ശേഖരിച്ച 893 സാമ്പിളുകളില്‍ 20 ശതമാനമെന്ന നിശ്ചിത അളവിലാണ് എഥനോള്‍ അടങ്ങിയിട്ടുള്ളതെന്നും കമ്പനികള്‍ അവകാശപ്പെട്ടു.






