കാസര്‍കോട്: ക്വിസ് മത്സരത്തില്‍ സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ സംഭവത്തില്‍ തുടര്‍നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്.
മൊഴി രേഖപ്പെടുത്താനായി രണ്ട് അധ്യാപകര്‍ക്ക് കൂടി നോട്ടീസ് നല്കി. ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ സഹായിച്ച കുമ്പള ഉപ ജില്ലയിലെ അധ്യാപകര്‍ക്കാണ് നോട്ടീസ് അയച്ചത്. ഒരാഴ്ച്ചക്കകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കും. സംഭവത്തില്‍ എഇഒ മാര്‍ക്കും വീഴ്ച്ചയുണ്ടായെന്ന് അന്വേഷണത്തിലെ കണ്ടെത്തല്‍.
ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ നേതൃത്വം നല്കിയ ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അധ്യാപകനെതിരെ സ്കൂളിന് അച്ചടക്ക നടപടി തുടരാമെന്ന വ്യക്തമാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്.
ജില്ലയിലെ കുമ്പള, മഞ്ചേശ്വരം ഉപജില്ലകളില്‍ നടന്ന എല്‍പി വിഭാഗം സോഷ്യല്‍ സയന്‍സ് ക്ലബ് ഫ്രീഡം ക്വിസ് 2026 മത്സരത്തിനായി തയ്യാറാക്കിയ ചോദ്യാവലിയിലെ ചോദ്യവും ഉത്തരവുമാണ് നടപടിയിലേയ്ക്ക് നയിച്ചത്. ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി എന്ന ചോദ്യത്തിന് വി ഡി സവര്‍ക്കര്‍ എന്നായിരുന്നു ഉത്തരസൂചികയില്‍ നല്‍കിയത്.
ക്വിസ് മത്സരത്തിനുള്ള ചോദ്യപേപ്പര്‍ വിദ്യാഭ്യാസ വകുപ്പിലെ എഇഒയ്ക്ക് ഓഗസ്റ്റ് ഒന്നിന് തന്നെ അയച്ചു കൊടുത്തിരുന്നെന്നും എന്നാല്‍ തനിക്കെതിരെ മാത്രമാണ് നടപടി ഉണ്ടായതെന്നും അധ്യാപകന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ രാഷ്ട്രീയമോ ആശയപരമോ ആയ കാരണങ്ങളാലല്ല, മറിച്ച് ഔദ്യോഗിക കൃത്യവിലോപത്തിനാണ് അധ്യാപകനെതിരെ നടപടി എടുത്തതെന്നായിരുന്നു സര്‍ക്കാര്‍ വാദം.






