തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് കളമൊരുങ്ങുമ്പോള്‍ വീണ്ടുമൊരു തവണ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് കരുത്ത്.
ഇത്തവണ തിരുവനന്തപുരത്തുനിന്നുള്ള 17 താരങ്ങളാണ് വിവിധ ടീമുകളിലായി അണിനിരക്കുന്നത്. കെസിഎല്ലിന് മുന്നോടിയായി നടന്ന എൻഎസ്കെ ട്രോഫിയിലും തിരുവനന്തപുരം ഫൈനലിലെത്തിയിരുന്നു. നേരിയ വ്യത്യാസത്തിലായിരുന്നു എറണാകുളത്തോട് തിരുവനന്തപുരത്തിന് കിരീടം നഷ്ടപ്പെട്ടത്.
ടൂർണമെന്റില്‍ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന പ്രമുഖ ടീമുകളില്‍ ഒന്നായ ‘ട്രിവാൻഡ്രം റോയല്‍സ്’ വളരെ ശക്തമായ നിരയുമായാണ് ഇത്തവണ ഒരുങ്ങുന്നത്. തലസ്ഥാന നഗരിയുടെ ക്രിക്കറ്റ് പെരുമ കാക്കാൻ തിരുവനന്തപുരത്തുനിന്നുള്ള അഞ്ച് താരങ്ങളാണ് ഇത്തവണ റോയല്‍സ് ജേഴ്സിയില്‍ അണിനിരക്കുന്നത്. കൃഷ്ണ പ്രസാദ്, അഭിഷേക് പി. നായർ, ഭരത് സൂര്യ, അജീഷ് കെ., രാഹുല്‍ ചന്ദ്രൻ എന്നിവരടങ്ങുന്ന ഈ അഞ്ചംഗ സംഘം ടീമിന്റെ നട്ടെല്ലാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സീസണില്‍ റണ്‍വേട്ടയില്‍ മുന്നിലെത്തിയ ആദ്യ രണ്ട് പേരും തിരുവനന്തപുരത്തുനിന്നുള്ള താരങ്ങളായിരുന്നു. 479 റണ്‍സുമായി കൃഷ്ണപ്രസാദും 437 റണ്‍സുമായി അഹ്മദ് ഇമ്രാനും ലീഗില്‍ തിളങ്ങി. കൃഷ്ണപ്രസാദിനെ ട്രിവാൻഡ്രം റോയല്‍സും അഹ്മദ് ഇമ്രാനെ തൃശൂർ ടൈറ്റൻസും ലേലത്തില്‍ നിലനിർത്തിയിട്ടുണ്ട്. ഇരുവർക്കും ഏഴര ലക്ഷം രൂപ വീതമാണ് ലേലത്തില്‍ ലഭിച്ചത്.
കൂടാതെ ഷോണ്‍ റോജർ, അഭിഷേക് ജെ. നായർ, മാനവ് കൃഷ്ണ, കൃഷ്ണദേവൻ തുടങ്ങി ബാറ്റർമാരുടെ നീണ്ടൊരു നിര തന്നെ തിരുവനന്തപുരത്തിന്റെ അഭിമാനമായി കളത്തിലിറങ്ങുന്നുണ്ട്. കഴിഞ്ഞ രണ്ട് സീസണിലും ബാറ്റിങ്ങില്‍ സ്ഥിരത പുലർത്തിയ അഭിഷേക് ജെ. നായർ ഇക്കുറിയും കൊല്ലം സെയിലേഴ്സിനൊപ്പം തന്നെയാണ്. യുവതാരങ്ങളായ ഷോണ്‍ റോജറും മാനവ് കൃഷ്ണയും തൃശൂരിനായാണ് പാഡുകെട്ടുന്നത്. ദേശീയ അണ്ടർ-19 താരമായ മാനവ് കൃഷ്ണയുടെ ആദ്യ കെസിഎല്‍ സീസണ് കൂടിയാണിത്. വെടിക്കെട്ട് ഇന്നിങ്സുകളിലൂടെ കഴിഞ്ഞ സീസണില്‍ ശ്രദ്ധിക്കപ്പെട്ട കൃഷ്ണദേവനും എ.കെ. അർജുനും ഏറെ പ്രതീക്ഷ നല്കുന്ന താരങ്ങളാണ്.
ബാറ്റിങ്ങിലെപ്പോലെ ബൗളിങ്ങിലും ഓള്‍റൗണ്ട് മികവിലും വിവിധ ടീമുകള്‍ക്ക് കരുത്തായി തിരുവനന്തപുരത്തിന്റെ താരങ്ങള്‍ രംഗത്തുണ്ട്. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളിലൊരാളായ അഭിജിത്ത് പ്രവീണ്‍ ആറ് ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിള്സിലാണ് ഇത്തവണ കളിക്കുന്നത്. ബിജു നാരായണൻ, വിജയ് വിശ്വനാഥ്, ശരത്ചന്ദ്രപ്രസാദ്, ഏദൻ ആപ്പിള്‍ ടോം, രാഹുല്‍ ചന്ദ്രൻ, മുഹമ്മദ് ഷാനു എന്നിവരും ഇത്തവണ തിരുവനന്തപുരത്തിന്റെ പ്രാദേശിക പ്രതിനിധികളായി കെസിഎല്‍ കളത്തിലിറങ്ങും.






