പത്തനംതിട്ട : കടമ്മനിട്ടയിൽ സ്കൂട്ടർ യാത്രികനെ വടിവാൾ കൊണ്ട് വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ രണ്ടു പേര് പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ റെജി ജോർജ്(39), സുനിൽ ഗുപ്ത(45) എന്നിവരാണ് പിടിയിലായത്. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
ഒന്നാം പ്രതി റെജി ജോർജ്ജിന്റെ പേരിൽ 2 കൊലക്കേസുകളടക്കം മുപ്പതിലധികം കേസുകളുണ്ട് കല്ലൂപ്പാറ അമ്പലത്തിലെ താഴികകുടം മോഷ്ടിക്കുന്നതിനിടയിൽ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കൊലപ്പെടുത്തിയത് ഇയാളായിരുന്നു. ഈ കേസിൽ ഇയാൾ ജയിലിൽ ആയിരുന്നു.
രണ്ടാം പ്രതി സുനിൽ ഗുപ്തക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ മോഷണം,പിടിച്ചുപറി,കഞ്ചാവ് കടത്ത്,അടിപിടി തുടങ്ങിയ നൂറോളം കേസുകളുണ്ട്.
കടമ്മനിട്ട അന്ത്യാളൻ കാവിൽ വെച്ചായിരുന്നു സംഭവം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന 48 കാരനായ ജിനുവിനെയാണ് കാറിലെത്തിയ അഞ്ചംഗ സംഘം വടിവാൾ കൊണ്ട് വെട്ടി താഴെയിട്ടത്. വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ ജിനുവിനെ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആനന്ദ് ആർ ഐപിഎസിൻ്റെ നിർദ്ദേശാനുസരണം ഡിവൈഎസ്പി വി എ നിഷാദ്മോൻ്റെ നേതൃത്വത്തിൽ സി ഐ രാകേഷ്കുമാർ എം ആർ , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അമീഷ് കെ, അനിൽകുമാർ കെ എം, പ്രകാശ് ജി, സിവിൽ പൊലീസ് ഓഫീസർമാരായ അനിൽ എസ്, വിഷ്ണു കെ, ഹിദായത്തുള്ള എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ഒന്നാം പ്രതി റജി ജോർജ് കല്ലൂപ്പാറ ക്ഷേത്രത്തിലെ താഴികക്കുടം മോഷ്ടിക്കുകയും, സെക്യുരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തുകയും ചെയ്തപ്പോൾ പ്രതിയെ പിടികൂടിയത് അന്ന് മല്ലപ്പള്ളി സി ഐ ആയിരുന്ന വി എ നിഷാദ്മോൻ്റെ നേതൃത്വത്തിൽ ആയിരുന്നു.






