തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ മുഹമ്മദ് അസറുദ്ദീന്റെ സെഞ്ച്വറി കരുത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ 213 റൺസ് അനായാസം മറികടന്ന് ആലപ്പി റിപ്പിൾസ്.
കെസിഎല്ലിന്റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന സുവർണ്ണ നേട്ടവും അസർ സ്വന്തമാക്കി. ഇതോടെ ആലപ്പി പോയിന്റ് പട്ടികയിലും ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 213 റൺസെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി 19.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ്: 20 ഓവറിൽ 213/5, ആലപ്പി റിപ്പിൾസ്: 19.3 ഓവറിൽ 215/4
ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന് ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും വരുൺ നായനാരും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്.
അഭിജിത്ത് പ്രവീണിനെ ബൗണ്ടറി പായിച്ച് തുടങ്ങിയ വരുൺ, മറുവശത്ത് ക്യാപ്റ്റൻ രോഹന്റെ വെടിക്കെട്ടിന് മികച്ച പിന്തുണ നൽകി. അഖിൽ ദേവിനെ സിക്സർ പറത്തി കളംനിറഞ്ഞ വരുണിന്റെ ബാറ്റിങ് മികവിൽ വെറും ഒമ്പത് ഓവറിൽ കാലിക്കറ്റ് സ്കോർ നൂറ് കടന്നു.
ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 51 പന്തിൽ 96 റൺസാണ് സ്കോർബോർഡിൽ ചേർത്തത്. 28 പന്തിൽ സീസണിലെ തന്റെ ആദ്യ ഫിഫ്റ്റി തികച്ച വരുൺ, 36 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സും സഹിതം 62 റൺസെടുത്താണ് ക്രീസ് വിട്ടത്. രോഹൻ കുന്നുമ്മൽ 42 റൺസെടുത്തു.
വരുൺ നൽകിയ മികച്ച അടിത്തറയിൽ നിന്നായിരുന്നു മൂന്നാമനായി ക്രീസിലെത്തിയ അഖിൽ സ്കറിയയുടെ വെടിക്കെട്ട് ഇന്നിങ്സ്. അവസാന ഓവറുകളിൽ ആലപ്പി ബൗളർമാരെ കടന്നാക്രമിച്ച അഖിൽ അക്ഷരാർഥത്തിൽ കളംനിറഞ്ഞു കളിച്ചു.
സിബിൻ ഗിരീഷും അഖിൽ ദേവും അഖിലിന്റെ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞു. ഇന്നിങ്സിലെ അവസാന ഓവറിലെ അവസാന നാല് പന്തിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ 22 റൺസാണ് താരം അടിച്ചെടുത്തത്.






