തിരുവനന്തപുരം:കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ സഫയര്‍ തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. എമറാള്‍ഡിനെ 54 റണ്‍സിന് തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ ആംബര്‍ റൂബീസിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി.
എമറാള്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത സഫയര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തു. 35 റണ്‍സെടുത്ത അന്‍സു സുനിലും 30 റണ്‍സെടുത്ത മാളവിക സാബുവും മാത്രമാണ് സഫയറിന്റെ ബാറ്റിങ് നിരയില്‍ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാള്‍ഡ് 15.1 ഓവറില്‍ വെറും 57 റണ്‍സിന് ഓള് ഔട്ടായി. 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്ലയാണ് ടീമിന്റെ ടോപ് സ്കോറര്‍. സഫയറിന് വേണ്ടി വിനയ സുരേന്ദ്രനും ഇഷിത ഷാനിയും മൂന്ന് വിക്കറ്റ് വീതവും വി ജെ ശീതള്‍ രണ്ട് വിക്കറ്റും വീഴ്ത്തി. വിനയ സുരേന്ദ്രനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
രണ്ടാം മത്സരത്തില്‍ ആംബറിനെതിരെ ആദ്യം ബാറ്റ് ചെയ്ത റൂബീസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തു.
41 റണ്‍സുമായി പുറത്താകാതെ നിന്ന ദിവ്യ ഗണേഷിന്റെ ഇന്നിങ്സാണ് റൂബീസിന്റെ സ്കോര്‍ 100 കടത്തിയത്. ആംബറിന് വേണ്ടി നിയതി ആര് മഹേഷ് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആംബര്‍ 16.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
28 റണ്‍സെടുത്ത അഭിരാമി പി ബിനുവും 23 റണ്‍സെടുത്ത സായൂജ്യയുമാണ് ആംബറിന്റെ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. അഭിരാമി പി ബിനുവാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.റൂബീസിന് വേണ്ടി ആശ ശോഭന മൂന്നും നിത്യ ലൂര്‍ദ്ദ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.






