തൃശൂർ: കയ്പമംഗലത്ത് വാഹനാപകടത്തില്‍ മരിച്ച വിദ്യാർത്ഥികള്‍ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തല്‍.
പോസ്റ്റ്മോർട്ടത്തില്‍ ഇതുസംബന്ധിച്ച സൂചന ലഭിച്ചതിന് പിന്നാലെ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ ഫോറൻസിക് പരിശോധനയിലാണ് വിദ്യാർത്ഥികള്‍ മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിയിരിക്കുന്നത്.
വിദ്യാർത്ഥികള്‍ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക നിഗമനമെന്ന് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നല്കിയ ഫോറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കർ വ്യക്തമാക്കിയിരുന്നു.
അപകടത്തില്‍പെട്ട കാർ അമിതവേഗത്തിലായിരുന്നുവെന്നാണ് നിഗമനം. അപകടത്തിന്റെ ആഘാതത്തില്‍ എല്ലുകളും രക്തക്കുഴലുകളും വരെ പൊട്ടിയിരുന്നു. വിദ്യാർത്ഥികളില്‍ ഒരാളായിരുന്നു ഡ്രൈവർ.
വിശദ പരിശോധനകള്‍ക്കായി രക്തസാമ്പിളുകള്‍ കാക്കനാട്ടെ കെമിക്കല്‍ എക്സാമിനർ ലാബിലേക്ക് അയച്ചു. രാസലഹരി ഉപയോഗത്തെ കുറിച്ചും പരിശോധനകള്‍ നടത്തുന്നുണ്ട്.
രക്തത്തിലെ മദ്യസാന്നിദ്ധ്യം മാത്രമാണ് അപകടകാരണമെന്ന് പറയാനാകില്ലെന്ന് മെഡിക്കല്‍ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. ടി എസ് ഹിതേഷ് ശങ്കർ സോഷ്യല്‍ മീഡിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.






