കട്ടപ്പന: കട്ടപ്പനയില്‍ റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ ശേഷം ആശുപത്രിയില്‍ മരിച്ച കുഞ്ഞുമോൻ എന്ന കുഞ്ചു കൊല്ലപ്പെട്ടതെന്ന് പൊലീസ്.
സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന സെൻട്രല്‍ ജംക്ഷനില്‍ ബാർബർഷോപ്പ് നടത്തുന്ന സുരേഷ്, സുഹൃത്തുക്കളായ റിനു, ബാബു എന്നിവരാണ് പിടിയിലായത്.
ഓഗസ്റ്റ് 26നാണ് സെൻട്രല്‍ ജംക്ഷനില്‍ പാതയോരത്ത് കുഞ്ഞുമോനെ അവശനിലയില്‍ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കടത്തിണ്ണകളിലും മറ്റും കിടന്നുറങ്ങാറുള്ളയാളായതിനാല് സ്വാഭാവിക മരണമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഓഗസ്റ്റ് 25ന് രാത്രിയില്‍ ചിലർ ചേർന്ന് കുഞ്ഞുമോനെ പടിക്കെട്ടിലൂടെ വലിച്ചിഴച്ച് റോഡിലെത്തിക്കുന്നത് ഓട്ടോറിക്ഷാ ഡ്രൈവർ കണ്ടിരുന്നു. ഇതാണ് അന്വേഷണത്തില്‍ നിർണായകമായത്.
പോസ്റ്റുമോർട്ടത്തിലാണ് കുഞ്ഞുമോന്റെ വാരിയെല്ലുകള്‍ക്ക് പൊട്ടലും തലയ്ക്കുള്ളില്‍ പരുക്കേറ്റ് ആന്തരിക രക്തസ്രാവവും കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ബാർബർഷോപ്പില്‍ നാലുപേരും ചേർന്ന് മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടായെന്നും തുടർന്ന് സുരേഷും റിനുവും ബാബുവും ചേർന്ന് കുഞ്ഞുമോനെ മർദിച്ചെന്നുമാണ് പൊലീസ് കണ്ടെത്തിയത്. പിന്നീട് കാലില്‍ പിടിച്ച് പടിക്കെട്ടിലൂടെ വലിച്ചിഴച്ച് റോഡരികില്‍ ഉപേക്ഷിച്ച ശേഷം മൂവരും കടന്നുകളഞ്ഞതായും പൊലീസ് പറയുന്നു.
ഇടുക്കി ജില്ലാ പൊലീസ് മേധാവി എ. നസിം, കട്ടപ്പന ഡിവൈഎസ്പി റെജി എം. കുന്നിപ്പറമ്പൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.






