കൊച്ചി: വേമ്പനാട്ട് കായലില്‍ കറുത്ത കക്കയുടെ പ്രതാപം വീണ്ടെടുക്കാനുള്ള സി.എം.എഫ്.ആർ.ഐ പദ്ധതി വൻവിജയം.
ആലപ്പുഴ ജില്ലയിലെ വടക്കുംകരയില്‍ ഒരു ഹെക്ടർ വിസ്തൃതിയില്‍ വിതച്ച അഞ്ച് ടണ്‍ കക്ക വിത്തില്‍ നിന്ന് ഒരു വർഷത്തിന് ശേഷം നേട്ടം എട്ടിരട്ടി.
വിവിധ ഘട്ടങ്ങളിലായി നടക്കുന്ന വിളവെടുപ്പ് പൂർത്തിയാകുമ്പോള്‍ 40 ടണ്ണോളം കക്ക വിളവെടുക്കാമെന്നാണ് വിലയിരുത്തല്‍.
കായലില്‍ കക്ക ലഭ്യത കുത്തനെ കുറഞ്ഞതോടെയാണ് പുനരുജ്ജീവന പദ്ധതിക്ക് തുടക്കമിട്ടത്. കേന്ദ്ര സർക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 ശതമാനം സബ്സിഡിയോടെ തൈക്കാട്ടുശേരി കറുത്ത കക്ക സഹകരണ സംഘത്തിന്റെ സഹകരണത്തോടെയാണിത്.
കക്ക തീരെയില്ലാതിരുന്ന മേഖല കണ്ടെത്തിയാണ് വിത്ത് വിതച്ചത്. 80 മുതല്‍ 90 ശതമാനം വരെ അതിജീവന നിരക്ക് രേഖപ്പെടുത്തിയ കക്കകള്‍ക്ക് മികച്ച വളർച്ചയും ലഭിച്ചു.
പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും.
വിളവെടുപ്പ് മേള സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രീൻസണ്‍ ജോർജ് ഉദ്ഘാടനം ചെയ്തു. കക്ക സമ്പത്തിന്റെ പുനരുജ്ജീവനത്തിനും മത്സ്യത്തൊഴിലാളികളുടെ സ്ഥിരമായ ഉപജീവനത്തിനും പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.






