പത്തനംതിട്ട: കോന്നി കുളത്തുമണ്‍ മേഖലയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കരിമ്പുലി ഒടുവില്‍ കൂട്ടിലായി. ഇതോടെ കേരളത്തില്‍ ആദ്യമായി കരിമ്പുലിയെ കൂട്ടിലാക്കിയത് കോന്നിയില്‍ ആണെന്നാണ് അവകാശവാദം.
കുളത്തുമണ്‍ സ്വദേശി സന്തോഷിന്റെ വീടിനു സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ഇന്ന് വൈകിട്ട് 5:45 ഓടെയാണ് കരിമ്പുലി കൂട്ടിലായത്. കൂട്ടില്‍ ഇരയായി വെച്ചിരുന്ന ആടിനെ പിടിക്കാൻ എത്തിയതായിരുന്നു പുലി. ശബ്ദം കേട്ട് സന്തോഷിന്റെ ഭാര്യ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കൂട്ടില്‍ കരിമ്പുലി കുടുങ്ങിയതായി കണ്ടത്. നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി. പുലിയെ ഉള്‍വനത്തില്‍ തുറന്നുവിടാനാണ് തീരുമാനം.
ഒന്നില്‍ കൂടുതല്‍ കരിമ്പുലികള്‍ പ്രദേശത്തുണ്ടെന്ന് പറയപ്പെടുന്നു. അതിനാല്‍ ജനങ്ങളുടെ ഭീതി പൂർണമായും മാറുന്നില്ല. കരിമ്പുലിയെ മറ്റൊരിടത്തേക്ക് മാറ്റാതെ ഉള്‍കാട്ടില്‍ തന്നെ തുറന്നുവിടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.






