മലപ്പുറം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പരാമർശങ്ങളെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗമായ കേരള മുസ്ലിം ജമാഅത്ത്.
ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചെന്ന മുഖ്യമന്ത്രിയുടെ പരാമർശം പിൻവലിച്ച് മുസ്ലിം സമുദായത്തോട് മാപ്പ് പറയണമെന്നാണ് സംഘടനയുടെ ആവശ്യം. ചരിത്രത്തെയും സംഭവങ്ങളെയും കൃത്യമായി മനസ്സിലാക്കാതെയും സാഹചര്യങ്ങൾ പരിഗണിക്കാതെയും പരസ്യമായി പ്രതികരിക്കുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്നും കേരള മുസ്ലിം ജമാഅത്ത് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
കാന്തപുരത്തിന്റെ നിലപാടിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇത്തരം അഭിപ്രായങ്ങൾ പുരോഗമന കേരളത്തിന് അംഗീകരിക്കാനാകാത്തതാണെന്നും ശക്തമായ എതിർപ്പ് രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രസ്താവനകൾ ഇസ്ലാമിനെ തന്നെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കാന്തപുരത്തിന്റെ വിവാദ സർക്കുലറിനെതിരെ യുഡിഎഫ്, എൽഡിഎഫ് നേതാക്കൾ നടത്തിയ പ്രതികരണങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീകൾ പൊതുവേദികളിൽ എത്തുന്നതുമായി ബന്ധപ്പെട്ട കാന്തപുരത്തിന്റെ നിലപാട് 19-ാം നൂറ്റാണ്ടിലേതാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
നബിദിന റാലിയുടെ ഭാഗമായി എത്തിയ ജനക്കൂട്ടത്തിനിടയിൽ പല സ്ഥലങ്ങളിലും സ്ത്രീകളുടെ സാന്നിധ്യമുണ്ടായതാണ് കാന്തപുരത്തെയും അദ്ദേഹത്തിന്റെ സംഘടനയെയും പ്രകോപിപ്പിച്ചതെന്നാണ് വിമർശനം. സ്ത്രീകളെ പ്രദർശിപ്പിക്കരുത് തുടങ്ങിയ പരാമർശങ്ങളാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന ജംഇയ്യത്തുല് ഉലമയുടെ സർക്കുലറിൽ ഉൾപ്പെട്ടിരുന്നത്.
അതേസമയം, സ്ത്രീവിരുദ്ധ സർക്കുലർ വിവാദത്തിൽ കാന്തപുരത്തെ പൂർണമായി തള്ളാതെയായിരുന്നു മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. പി.കെ. ശ്രീമതിയുടെയും പി. ജയരാജന്റെയും നിലപാടുകളെ തള്ളിക്കൊണ്ട് സിപിഎം നേതാക്കളായ ടി.കെ. ഹംസയും കെ.ടി. ജലീലും കാന്തപുരത്തിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.






