കണ്ണൂർ: കണ്ണൂരില്‍ കനത്ത മഴയ്ക്ക് സാധ്യത. ജില്ലയില്‍ ഓറഞ്ച് അലർട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു.
മലയോര മേഖലയിലും തീരദേശ പ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
മഴ ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ജില്ലയില്‍ ഇതുവരെ വലിയ ദുരന്തങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും കാലാവസ്ഥാ സാഹചര്യം നിരന്തരം വിലയിരുത്തി ആവശ്യമായ തുടർനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയില്‍ ഓറഞ്ച് അലേർട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, മറ്റ് മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ റെസിഡൻഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. സർവകലാശാലകള്‍ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകളും അഭിമുഖങ്ങളും പതിവുപോലെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.






