കണ്ണൂർ എ.ഡി.എം. ആയിരുന്ന കെ. നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ.ക്ക് വിടേണ്ടതില്ലെന്ന നിയമോപദേശം സർക്കാരിന് തിരിച്ചടിയായി.
സി.ബി.ഐ. വേണ്ടെന്നും കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) മതിയെന്നുമാണ് ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലിയുടെയും അഡ്വക്കേറ്റ് ജനറല്‍ കെ. ജാജു ബാബുവിന്റെയും അഭിപ്രായം.സി.ബി.ഐ.
അന്വേഷണത്തില്‍ നിയമപരമായ പ്രശ്നങ്ങളുണ്ടാകാമെന്നും അഴിമതിയും ഗൂഢാലോചനയും അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സമഗ്രമായ അന്വേഷണം വേണമെന്നും നിയമോപദേശത്തില്‍ പറയുന്നു. ഇതോടെ സി.ബി.ഐ.ക്ക് വിടാനുള്ള വിജ്ഞാപനം സംബന്ധിച്ച അന്തിമ തീരുമാനം സർക്കാർ മാറ്റിവെച്ചിരിക്കുകയാണ്.നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണമുന്നയിച്ച് നടത്തിയ പരസ്യ അവഹേളനമാണ് മരണകാരണമെന്നായിരുന്നു കുടുംബത്തിന്റെ പരാതി. അതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ.
അന്വേഷണത്തിന് ശുപാർശ ചെയ്യാൻ ജൂണില്‍ യു.ഡി.എഫ്. സർക്കാർ തീരുമാനിച്ചത്.കേസില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണവും വേണമെന്നാണ് നിയമോപദേശം. പെട്രോള്‍ പമ്പ് അനുവദിക്കാൻ നവീൻ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് ആരോപിച്ച ടി.വി. പ്രശാന്തന്റെ പേരിലും അന്വേഷണം വേണം.
സർക്കാർ ഉദ്യോഗസ്ഥനായ പ്രശാന്തൻ ഒന്നരക്കോടി രൂപ ചെലവഴിച്ച് പമ്പ് തുടങ്ങിയതെങ്ങനെയെന്നും പരിശോധിക്കണം. ദിവ്യക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണം വേണമെന്നാണ് അഭിപ്രായം.2024 ഒക്ടോബർ 14-ന് യാത്രയയപ്പിനിടെ ദിവ്യ കളക്ടറേറ്റിലേക്ക് വന്നതിലെ ഗൂഢാലോചനയും അതില്‍ ആരൊക്കെ ഉള്‍പ്പെട്ടിരുന്നു എന്നതും അന്വേഷണ പരിധിയില്‍ വരും. ഇതിന് പോലീസ് പ്രത്യേക അന്വേഷണ സംഘമാണ് ഉചിതമെന്നാണ് നിയമോപദേശം. ഒക്ടോബർ 15-നാണ് നവീൻബാബുവിനെ ക്വാർട്ടേഴ്സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.






