കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ.
കണ്ണൂരിൽ നിന്ന് കുറ്റ്യാട്ടൂരിലേക്ക് പോയ ‘പാർവതി’ ബസിലെ ജീവനക്കാരനും കൊളച്ചേരി സ്വദേശിയുമായ അതുൽ ആണ് വയോധികനായ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത്.
വെള്ളിയാഴ്ച രാവിലെ എട്ടേമുക്കാലോടെ പത്താംമൈൽ എന്ന സ്ഥലത്ത് ബസ് എത്തിയപ്പോഴായിരുന്നു സംഭവം.
ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ബസിൽനിന്ന് പുറത്തേക്ക് വീഴാൻപോയ യാത്രക്കാരനെ ക്ലീനറായ അതുൽ ഉടൻ പിടിക്കുന്നതും മറ്റൊരു യാത്രക്കാരൻ സഹായിക്കുന്നതും ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽ കാണാം.
സാമൂഹിക മാധ്യമങ്ങളിലടക്കം ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബസ് ജീവനക്കാരനായ അതുലിന് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.






