മുംബയ്: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ജപ്പാനിലെ ഐച്ചിനഗോയയില്‍ ക്രിക്കറ്റിനായി ഒരുക്കിയ സൗകര്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ബിസിസിഐ.
ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള സൗകര്യങ്ങളിലും ക്രമീകരണങ്ങളിലും ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലും ബിസിസിഐയും തൃപ്തരല്ലെന്നാണ് റിപ്പോർട്ടുകള്‍.
സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി ബിസിസിഐയുടെ നിരീക്ഷകനെ ജപ്പാനിലേക്ക് അയച്ചേക്കും. ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒരുക്കിയ ഡ്രസിംഗ് റൂമുകള്‍ ടെന്റുകളിലാണെന്നും ഇവിടെ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് ശുചിമുറികളെന്നും ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ ജപ്പാൻ ഒളിമ്പിക്സ് അധികൃതരെ ബി.സി.സി.ഐ അറിയിച്ചു. ഹോട്ടല്‍ മുറികള്‍ വളരെ ചെറുതാണെന്നതും ആശങ്കയ്ക്ക് കാരണമായി.
സൗകര്യങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയുടെ ബി ടീമിനെ ഇറക്കിയേക്കുമെന്ന് വാർത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സൗകര്യങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ ശരിയാണെങ്കിലും ഇന്ത്യ ബി ടീമിനെ ഏഷ്യൻ ഗെയിംസിന് അയയ്ക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
2023ല്‍ ചൈനയിലെ ഹാങ്ചോയില്‍ നടന്ന ഏഷ്യൻ ഗെയിംസില്‍ ഇന്ത്യ പുരുഷ ക്രിക്കറ്റില്‍ സ്വർണം നേടിയിരുന്നു. ഫൈനല്‍ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ മികച്ച റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് അഫ്ഗാനിസ്ഥാനെ മറികടന്ന് ഇന്ത്യ ജേതാക്കളായത്. ഇത്തവണയും ശക്തമായ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രേയസ് അയ്യരാണ് പുരുഷ ടീമിന്റെ നായകൻ. ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് തുടങ്ങിയ താരങ്ങളും ടീമിലുണ്ട്.






