കണ്ണൂർ: അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ. കാർ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ പനങ്കാവിൽ ഉപേക്ഷിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്.
കാറിന്റെ ഉടമസ്ഥത അർജുന്റെ പേരിലല്ലെന്നും ഭാര്യയുടെ പേരിലാണെന്ന സൂചനയുണ്ടെന്നും വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത എട്ടുപേരെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്ത ഒരാളെയും വിട്ടയച്ചിട്ടുണ്ട്. രണ്ടു ദിവസം മുൻപ് അർജുൻ കണ്ണൂരിലെത്തി മടങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. വളപട്ടണം പോലീസിന്റെ കസ്റ്റഡിയിലുള്ള വാഹനം പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയും വകുപ്പിനെ വെല്ലുവിളിച്ചും ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ ഇതുവരെയും പിടിക്കാൻ പൊലിസിന് കഴിഞ്ഞിട്ടില്ല. അർജുനുമായി അടുപ്പമുള്ള 21പേരെ പലയിടങ്ങളിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്.
ഒളിവിൽ തുടരുമ്പോഴും സാമൂഹിക മാധ്യമങ്ങൾ വഴി അർജുന്റെ പ്രകോപനം തുടരുകയാണ്. വധശ്രമം, സ്വർണം പൊട്ടിക്കൽ, പൊലീസുകാരെ ഭീഷണിപ്പെടുത്തൽ അടക്കം കേസുകളിലെ പ്രതിയാണ് അർജുൻ ആയങ്കി.






