കാഞ്ഞിരപ്പള്ളി: ആറു വർഷമായി നിശ്ചലമായ കാഞ്ഞിരപ്പള്ളിയുടെ ചലച്ചിത്രാസ്വാദന വേദിയിലേക്കു വീണ്ടും വെള്ളിത്തിരയുടെ വെളിച്ചം.
വർഷങ്ങളായി ഒരു സിനിമ കാണാൻ കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടിവന്നിരുന്ന കാഞ്ഞിരപ്പള്ളിക്കാർക്ക് ഒന്നല്ല, പുതിയ 3 തിയറ്ററുകളാണു കിട്ടാൻ പോകുന്നത്.
കുരിശിങ്കലിൽ പ്രവർത്തിച്ചിരുന്ന ഗ്രാൻഡ് ഓപ്പറ തിയറ്റർ കെട്ടിടത്തിലാണ് കണ്ണൂർ ആസ്ഥാനമായുള്ള എസ്ജെ ഗ്രൂപ്പ് 3 തിയറ്ററുകൾ സജ്ജമാക്കുന്നത്. 4കെ ദൃശ്യ സാങ്കേതികവിദ്യയും ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനവും ഉൾപ്പെടെയുള്ള ആധുനിക തിയറ്ററുകളാണ് ഒരുക്കുന്നത്. 3 തിയറ്ററുകളിലായി 750 സീറ്റുകളുണ്ടാകും.
കഴിഞ്ഞ ദിവസം നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഡിസംബർ മാസത്തോടെ പ്രവർത്തനം തുടങ്ങാനാണു ലക്ഷ്യമിടുന്നത്. ഇപ്പോൾ പ്രവർത്തനസജ്ജമായ സിനിമാ തിയറ്ററുകളില്ലാത്ത കാഞ്ഞിരപ്പള്ളി ടൗണിൽ പുതിയ സിനിമ തിയറ്റർ ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് സിനിമാസ്വാദകർ.






