കാഞ്ഞിരപ്പള്ളി : പ്രവർത്തനം ആരംഭിച്ച് 16 വർഷം കഴിഞ്ഞിട്ടും ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിന് സ്വന്തമായി കെട്ടിടമില്ല. 2010ൽ ആരംഭിച്ച കോളേജ് ഇന്നും പേട്ട ഗവ. ഹൈസ്കൂൾ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. മലയോരമേഖലയിലെ വിദ്യാർഥികൾക്കായി ഉന്നത വിദ്യാഭ്യാസ രംഗത്തും നൈപുണീ വികസന മേഖലയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന കോളേജിന് സ്വന്തമായി കെട്ടിടം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
വിവിധ തൊഴിൽ അധിഷ്ഠിത ഡിപ്ലോമ കോഴ്സുകളിലായി ഇതിനകം 14ലധികം ബാച്ചുകൾ പഠനം പൂർത്തിയാക്കി. നിലവിൽ 100ലധികം വിദ്യാർഥികൾ ഡിപ്ലോമ കോഴ്സുകളിൽ പഠനം നടത്തുന്നുണ്ട്. കോളേജിലെ സ്കിൽ സെന്ററിൽ 120 വിദ്യാർഥികൾ ഇന്റേൺഷിപ്പ് പരിശീലവും പൂർത്തിയാക്കി.
ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബികോം എന്നീ ബിരുദ കോഴ്സുകളും ഇവിടുണ്ട്. വിവിധ ഡിപ്ലോമ കോഴ്സുകളിലായി 100ലധികം വിദ്യാർഥികളും പഠിക്കുന്നുണ്ട്. സ്വന്തമായി കെട്ടിടവും മികച്ച പഠന സൗകര്യങ്ങളുമുണ്ടാവുകയാണെങ്കിൽ കുടുതൽ കോഴ്സുകൾ ആരംഭിക്കാനാകുമെന്ന് കോളേജ് അധികൃതർ പറയുന്നു.
പേട്ട ഗവ. സ്കൂൾ വളപ്പിൽ തന്നെ പൊതുവിദ്യാഭ്യാസവകുപ്പ് 50.76 സെന്റ് സ്ഥലം കോളേജിന് കെട്ടിടം നിർമിക്കുന്നതിന് വിട്ടുനൽകിയിരുന്നു. എന്നാൽ കെട്ടിടം നിർമിക്കുന്നതിന് ആവശ്യമായ ഫണ്ടില്ലാത്തതാണ് പ്രശ്നം.






