കോട്ടയം: വാമനപുരം നദിയില്‍ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം സ്വദേശി സുധീഷ് (30) ആണ് മരിച്ചത്.
ചിറയിൻകീഴ് വലിയകട തോപ്പില്‍ പാലത്തിന് സമീപത്തെ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ ബന്ധുവീടിന് സമീപമുള്ള നദിയില്‍ ചൂണ്ടയിടുന്നതിനിടെ കാല് വഴുതി വെള്ളത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ മുതല്‍ യുവാവിനെ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് വീടിനോട് ചേർന്നുള്ള നദിക്കരയില്‍ ചൂണ്ടയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് ആറ്റിങ്ങല്‍ ഫയർഫോഴ്സിന്റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഇന്നലെ കോട്ടയത്തേക്ക് മടങ്ങാനിരിക്കെയാണ് അപകടം. ചിറയിൻകീഴ് പൊലീസ് കേസെടുത്ത് തുടർ നടപടികള്‍ സ്വീകരിച്ചു.






