കോട്ടയം: ലഹരിക്കടത്തിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമാക്കിയ പരിശോധനകൾക്കിടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ പിടിയിൽ . റെയിൽവേ പോലീസും കേരള പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് 65 കിലോ കഞ്ചാവുമായി പ്രതികളെ കസ്റ്റഡയിലെടുത്തത്.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ഒരു പ്രായപൂർത്തിയാകാത്ത യുവാവ് ഉൾപ്പടെ മൂന്ന് പശ്ചിമബംഗാൾ സ്വദേശികളെ പിടികൂടിയത്. തിരുപ്പതിയിൽ നിന്ന് കോട്ടയത്തേക്ക് ട്രാവൽ ബാഗിൽ ചെറിയ പൊതികളിലാക്കിയാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പൂനെയിൽ നിന്ന് തിരുപ്പതി വഴി സർവീസ് നടത്തുന്ന പൂനെ എക്സ്പ്രസിലായിരുന്നു സംഘം യാത്ര ചെയ്തിരുന്നത്.
ലഹരിക്കടത്തിനെതിരെ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.






