കാഞ്ഞിരപ്പള്ളി : ഒരുകാലത്ത് കാഞ്ഞിരപ്പള്ളിയിൽ തലയെടുപ്പോടെ നിന്നിരുന്ന കെട്ടിടങ്ങൾ ഇന്ന് കാടുപിടിച്ച് ജീർണാവസ്ഥയിലായി നശിക്കുന്നു. കാഞ്ഞിരപ്പള്ളിയിലെ പി ആൻഡ് ടി ക്വാർട്ടേഴ്സുകളാണ് കാടുകയറി നശിച്ചു കിടക്കുന്നത്. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താതെ വന്നതാണ് കെട്ടിടങ്ങൾ നശിക്കാൻ കാരണം.
കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡരികിൽ കേന്ദ്ര ഉടമസ്ഥതയിലുള്ള സ്ഥലവും കെട്ടിടങ്ങളുമാണ് ജീർണിച്ചും കാടുകയറിയും നശിക്കുന്നത്. പോസ്റ്റൽ ആൻഡ് ടെലികോം വിഭാഗം ജീവനക്കാർക്കായി ഫ്ളാറ്റ് മാതൃകയിൽ നിർമിച്ച ഒൻപത് ഇരുനില കെട്ടിടങ്ങളിൽ അഞ്ച് എണ്ണം ബിഎസ്എൻഎൽ ജീവനക്കാർക്കും, നാല് എണ്ണം തപാൽ വകുപ്പ് ജീവനക്കാർക്കും വേണ്ടി നിർമിച്ചതായിരുന്നു.
പല കെട്ടിടങ്ങളും പൂർണമായും നശിച്ച് വാസയോഗ്യമല്ലാതായി. ബാക്കിയുള്ള കെട്ടിടങ്ങളുടെ ഭിത്തികൾ വിണ്ടുകീറി. വയറിങ്ങും പ്ലംബിങ്ങും നശിച്ചു. വാതിലുകളും ജനാലകളും ചിതലെടുത്തു. ഏതു സമയവും നിലംപൊത്താവുന്നവിധം ശോച്യാവസ്ഥയിലാണ് കെട്ടിടങ്ങൾ.
മുൻപ് 36 കുടുംബങ്ങൾ താമസിച്ചിരുന്ന ഇവിടെ ഇപ്പോൾ ഒരു കുടുംബം മാത്രമാണ് താമസിക്കുന്നത്. ഇതൊഴിച്ച് ബാക്കിയെല്ലാ കെട്ടിടങ്ങളും മുഴുവൻ കാടുകയറിയ നിലയിലാണ്. 2023ൽ ഏഴ് കുടുംബങ്ങൾ താമസിച്ചിരുന്ന ഇവിടെ അസൗകര്യങ്ങളും സുരക്ഷയുമില്ലാതായതോടെ പലകുടുംബങ്ങളും താമസംമാറി. ഇവ നവീകരിക്കാനോ പൊളിച്ചുനീക്കാനോ നടപടിയില്ല. ഉപയോഗശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമിക്കുകയോ മറ്റ് പദ്ധതികൾക്കായി സ്ഥലം വിനിയോഗിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.






