കോട്ടയത്തുനിന്ന് കാണാതായ ദമ്പതികളും മകനും എവിടെ? സെപ്റ്റംബർ 26 - ന് കാറിൽ പുറപ്പെട്ട കുടുംബം വാഗമണ്ണിൽ എത്തി ? പിന്നീട് എങ്ങോട്ട് പോയി എന്ന് വ്യക്തമല്ല. ചിങ്ങവനം: ദുരൂഹസാഹചര്യത്തില് കാണാതായ ദമ്പതികളും മകനും ദിവസങ്ങള് കഴിഞ്ഞിട്ടും കാണാമറയത്തു തന്നെ. പൂവന്തുരുത്ത് കിഴക്കേമൂല ഭാഗത്ത് പെയിന്റിംഗ് കോൺട്രാക്ടറായ റെജി (62), ഭാര്യ സൂസമ്മ (58) മകന് ജോമറ്റ്(30) എന്നിവരെയാണ് കഴിഞ്ഞ 26നു രാവിലെ പത്തു മുതല് കാണാതായതായി ഇവരുടെ ബന്ധു കോട്ടയം ഈസ്റ്റ് പൊലിസ് സ്റ്റേഷനില് പരാതി നല്കിയത്. ഇയോണ് കാറില് വീട്ടില്നിന്നു പുറപ്പെട്ട ഇവരുടെ ഫോണ് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില് വാഗമണ്ണില് എത്തിയതായും പിന്നീട് ഫോണ് സ്വിച്ച്‌ ഓഫ് ആയതായും വിവരമുണ്ട്. സംഭവത്തെത്തുടര്ന്ന് അന്വേഷണം ഊര്ജിതമാക്കിയെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്. അതേസമയം സാമ്പത്തിക ബാധ്യതയാണ് ഇവര് നാട് വിടാന് കാരണമെന്ന് നാട്ടുകാര് പറയുന്നു.