തിരുവനന്തപുരം: കേരളത്തിലെ തീരദേശ ജില്ലകളിലെ റെഡ് അലർട്ട് തുടരും. നാളെ രാവിലെ പത്തര വരെ തീരപ്രദേശത്ത് ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ജാഗ്രതാ നിർദ്ദേശമുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
അതേസമയം ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയില്‍ കള്ളക്കടല്‍ പ്രതിഭാസം അനുഭവപ്പെട്ടു. ഇന്ന് രാവിലെ മുതല്‍ ശക്തമായ കടല്‍ക്ഷോഭമാണ് മേഖലയില്‍.
തൃക്കുന്നപ്പുഴ ആറാട്ടുപുഴ തീരദേശ റോഡില്‍ വെള്ളം കയറി. പെരുമ്പള്ളി ഭാഗത്താണ് രൂക്ഷമായ പ്രശ്നം അനുഭവപ്പെട്ടത്. തീരത്ത് ചില കടകളിലും വീടുകളിലും വെള്ളം ഇരച്ചുകയറി.
അതേസമയം കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രവും അറിയിച്ചു.
കള്ളക്കടല്‍ ജാഗ്രത നിർദേശം - റെഡ് അലർട്ട്
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനില്‍ക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത.
കേരള തീരത്ത് 28/09/2026 രാവിലെ 10.30 വരെ 1.0 മുതല്‍ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. താഴെ പറയുന്ന പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്.
തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൊഴിയൂർ വരെ
കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ
എറണാകുളം: മുനമ്പം FH മുതല്‍ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂർ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്പാല FH മുതല്‍ രാമനാട്ടുകര വരെ
കണ്ണൂർ: വളപട്ടണം മുതല്‍ ന്യൂ മാഹി വരെ
കാസറഗോഡ്: കുഞ്ചത്തൂർ മുതല്‍ കോട്ടക്കുന്ന് വരെ
തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 28/09/2026 രാവിലെ 10.30 വരെ 1.4 മുതല്‍ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.
1. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
5. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലർത്തുക.






