തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് പ്രകാരം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.
തുലാവർഷം എന്നുമുതല്‍?
കേരളത്തില്‍ കാലവർഷം അഥവ തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ വിടവാങ്ങല്‍ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തുലാവർഷത്തിനായുള്ള (കിഴക്കൻ മണ്‍സൂണ്‍) കാത്തിരിപ്പിലാണ് സംസ്ഥാനം. സാധാരണയായി എല്ലാ വർഷവും ഒക്ടോബർ പകുതിയോടെ കേരളത്തില്‍ തുലാവർഷം സജീവമാകാറുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍ അനുസരിച്ച്, ഒക്ടോബർ രണ്ടാം വാരത്തോടെ കാലവർഷം പൂർണ്ണമായും വിടവാങ്ങുകയും ഒക്ടോബർ പകുതിയോടെ വടക്കുകിഴക്കൻ കാറ്റ് ശക്തമായി തുലാവർഷം ആരംഭിക്കുകയും ചെയ്യും.
വൈകുന്നേരങ്ങളിലും രാത്രി സമയങ്ങളിലും ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയാണ് തുലാവർഷത്തില്‍ സാധാരണയായി ലഭിക്കാറുള്ളത്. കേരളത്തില്‍ നിലവില്‍ തുലാവർഷത്തിന് സമാനമായ സാഹചര്യമാണ് ഉച്ചയ്ക്ക് ശെഷം ഒറ്റപ്പെട്ടയിടങ്ങളില്‍ അനുഭവപ്പെടുന്നത്. ഇടിയും മിന്നലും ഒപ്പം ശക്തമായ മഴയും കഴിഞ്ഞ ദിവസങ്ങളിലായി ചില പ്രദേശങ്ങളില്‍ ലഭിച്ചിരുന്നു.
വരും ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം ഇങ്ങനെ
05 (ഇന്ന്-തിങ്കള്‍): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
06 (ചൊവ്വ): ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
09 (ബുധൻ): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
ഇടിമിന്നല്‍ ജാഗ്രതാ നിർദ്ദേശങ്ങള്‍
ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയങ്ങളിലാണ് മഴയോടൊപ്പം ഇടിമിന്നലിനും സാധ്യത കണ്ടുവരുന്നത്. ഇടിമിന്നലുള്ള സമയം ജനലുകളും വാതിലുകളും അടച്ചിടുക. ഗൃഹോപകരണങ്ങളുടെ പ്ലഗുകള്‍ ഊരിയിടുക. കാറ്റും മിന്നലുമുള്ളപ്പോള്‍ മരങ്ങളുടെ ചുവട്ടിലോ ടെറസിലോ നില്‍ക്കുന്നത് ഒഴിവാക്കണം. ഇത് ഇടിമിന്നലിൻ്റെ ആഘാതം കടുപ്പിക്കും. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 - 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള - കർണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരം അതിനോട് ചേർന്ന കടല്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കൂടാതെ കർണാടക തീരം അതിനോട് ചേർന്ന കടല്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത പ്രവചിക്കുന്നു.






