കൊച്ചി: കളമശ്ശേരി സ്പാ കൂട്ടബലാത്സംഗ കേസില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.
കേസിലെ പ്രധാന പ്രതികള്‍ക്ക് തെളിവുകള്‍ നശിപ്പിക്കാൻ മറ്റു ചിലരുടെ കൂടി സഹായം ലഭിച്ചതായി പൊലീസിന് സൂചന ലഭിച്ചു.
ഇതിന്റെ ഭാഗമായി, അതിജീവിതയായ യുവതി ആദ്യം എത്തിയ സ്പായിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ഇതുവരെ ലഭ്യമായിട്ടില്ല.പ്രധാന പ്രതികളായ ശ്രീരാജ്, ജിത്തു മാർട്ടിൻ എന്നിവരുമായി കളമശ്ശേരി പൊലീസ് കഴിഞ്ഞ ദിവസം മൂന്ന് സ്പാകളില്‍ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെയാണ് റിമാൻഡിലുള്ള മറ്റു പ്രതികളായ ശരണ്യ ശശി, വി.എസ്. സഞ്ജയ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ശരണ്യയ്ക്ക് മുഖ്യപങ്കുണ്ടെന്നാണ് അതിജീവിതയുടെ മൊഴി.
ശരണ്യയെ വിശ്വസിച്ചാണ് രാത്രി ലോഡ്ജില്‍ എത്തിയതെന്നും, തന്നെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച സംഘത്തില്‍ ശരണ്യയും ഉണ്ടായിരുന്നുവെന്നും യുവതി പൊലീസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ അറസ്റ്റിലായ നാല് പ്രതികള്‍ക്ക് പുറമെ മറ്റ് രണ്ടുപേർക്ക് കൂടി സംഭവത്തില്‍ പങ്കുണ്ടെന്ന് അതിജീവിത പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. ശരണ്യയെയും സഞ്ജയിനെയും കസ്റ്റഡിയില്‍ വാടുക വഴി റാക്കറ്റിലെ മറ്റ് കണ്ണികളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പ്രതികള്‍ സമാന രീതിയില്‍ മറ്റാരെയെങ്കിലും പീഡനത്തിനിരയാക്കിയിട്ടുണ്ടോയെന്ന കോണിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.






