കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ കേസിൽ മാപ്പുപറയണമെന്ന നിലപാടിൽ ഉറച്ച് സർവകലാശാല.
മാപ്പപേക്ഷയും സത്യവാങ്മൂലവും നൽകാതെ സസ്പെൻഷൻ പിൻവലിക്കാനാകില്ലെന്ന് സർവകലാശാല ഹൈക്കോടതിയെ അറിയിച്ചു.
ക്യാമ്പസിൽ അച്ചടക്കം ഉറപ്പാക്കാനാണ് വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തതെന്നാണ് സർവകലാശാലയുടെ വിശദീകരണം.
വിദ്യാർഥികൾ തെറ്റ് അംഗീകരിച്ച് മാപ്പുപറഞ്ഞാൽ മാത്രമേ സസ്പെൻഷൻ പിൻവലിക്കൂ.
സസ്പെൻഷൻ നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്നും സർവകലാശാല വ്യക്തമാക്കി.
16 വിദ്യാർഥികളും കുറ്റക്കാരാണെന്ന് അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ടെന്നാണ് സർവകലാശാല കോടതിയെ അറിയിച്ചത്.
പ്രതിഷേധത്തിനിടെ വൈസ് ചാൻസലറെ തടഞ്ഞുവെച്ച് ആക്രമിച്ചെന്നും സിൻഡിക്കേറ്റ് യോഗം തടസ്സപ്പെടുത്തിയെന്നും സർവകലാശാലയുടെ വിശദീകരണത്തിൽ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട പരാതികളും കേസ് വിവരങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 13ന് ക്യാമ്പസിലുണ്ടായ പ്രതിഷേധത്തെ തുടർന്നാണ് സെപ്റ്റംബർ ഒന്നിന് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്.
മാപ്പപേക്ഷ നൽകിയാൽ 12 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കാമെന്ന് നേരത്തെ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു.
എന്നാൽ, കുറ്റം ചെയ്തിട്ടില്ലാത്തതിനാൽ മാപ്പുപറയില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ.
സസ്പെൻഷൻ ചോദ്യം ചെയ്ത് വിദ്യാർഥികൾ നൽകിയ ഹരജി ഹൈക്കോടതി പരിഗണിക്കുകയാണ്.
നവംബർ 11ന് നടന്ന വാദത്തിനിടെ മാപ്പ് ആവശ്യപ്പെടുന്നതിനെ കോടതി ചോദ്യം ചെയ്തിരുന്നു.
60 ദിവസമായി വിദ്യാർഥികൾ പുറത്തുനിൽക്കുകയാണെന്നും ഇനി എന്തിനാണ് മാപ്പ് ആവശ്യപ്പെടുന്നതെന്നും കോടതി വാക്കാൽ ചോദിച്ചു.
കേസ് നവംബർ 13ന് വീണ്ടും പരിഗണിക്കും.






