വൈക്കം: അനധികൃതമായി കക്കത്തോട് കടത്തുന്നതിനെതിരേ ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കുന്നു.
അടുത്ത കാലത്ത് നടന്ന രണ്ട് റെയ്ഡുകളില് വെച്ചൂർ, കുലശേഖരമംഗലം എന്നിവടങ്ങളില്‍ നിന്നായി അനധികൃതമായി കക്കത്തോട് കടത്തുന്നതിനിടയില്‍ ഫിഷറീസ് അധികൃതർ വാഹനങ്ങള്‍ പിടികൂടി കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ഫിഷറീസ് വകുപ്പിന്റെ പതിവ് പട്രോളിംഗിന്റെ ഭാഗമായി ബണ്ട് റോഡ്, വൈക്കം, മറവൻതുരുത്ത്, മേക്കര പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്ചെമ്മനാകരി, കെഎസ് മംഗലം എന്നീ ഭാഗങ്ങളില്‍നിന്നും രണ്ടു ലോറികളിലായി അനധികൃതമായി കടത്താൻ ശ്രമിച്ച 9.5 ടണ്‍ കക്കത്തോട് പിടിച്ചെടുത്തിരുന്നു.
കക്ക സഹകരണ സംഘങ്ങള്‍ക്ക് അനുവദിക്കുന്ന കടത്ത് പെർമിറ്റ് ഇല്ലാതെയാണ് കക്കാത്തോട് കൊണ്ടുപോകാൻ ശ്രമിച്ചത്. സ്വകാര്യ വ്യക്തികള്‍ക്ക് 200 കിലോയില്‍ കൂടുതല്‍ കക്കയോ കക്കത്തോടോ കക്ക ഇറച്ചിയോ ജലമാർഗമോ കരമാർഗമോ കൊണ്ടുപോകണമെങ്കില്‍ പെർമിറ്റ് അനിവാര്യമാണ്. ഫിഷറീസ് വകുപ്പ് നല്കുന്ന പെർമിറ്റിന്റെ അടിസ്ഥാനത്തില്‍ കക്ക സംഘങ്ങള്‍ അനുവദിക്കുന്ന പാസ് ഉപയോഗിച്ച് മാത്രമേ കക്കത്തോട് വാഹനങ്ങളില്‍ കൊണ്ടുപോകാൻ സാധിക്കുകയുള്ളു. നിയമലംഘനം നടത്തിയവർക്കെതിരേ കെഐഎഫ്എ നിയമപ്രകാരം പിഴ ഈടാക്കി.
കോട്ടയം ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് ഡയറക്ടർ എ.കൃഷ്ണകുമാരിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വൈക്കം ഫിഷറീസ് ഇൻസ്പെക്ടർ ഓഫിസിലെ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ മറ്റംമെറിറ്റ് കുര്യൻ, ഫിഷറീസ് ഓഫിസർ അയനരാജപ്പൻ, പി.എ.ജിഷ്ണു, ജെ.ഗിരീഷ്, ആർ.സ്വാതിഷ് എന്നിവർ ഉള്‍പ്പെട്ട സംഘമാണ് കക്ക കടത്തിയ വാഹനങ്ങള്‍ പിടികൂടിയത്.






