കോട്ടയം: സിഐടിയുവിന്റെ പതിനാറാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഭാരവാഹനങ്ങള്‍ക്ക് പ്രവേശനമില്ല.
ക്രമീകരണങ്ങള്‍ ഇങ്ങനെ:
ചങ്ങനാശേരിയില്‍ നിന്ന് എം.സി റോഡ് വഴി വരുന്ന വലിയ വാഹനങ്ങള്‍ ളായിക്കാട് ബൈപ്പാസ് ജംഗ്ഷനില്‍ നിന്ന് റെയില്‍വേ ജംഗ്ഷനിലെത്തി കുരിശുമ്മൂട്, തെങ്ങണ, പുതുപ്പള്ളി, മണർകാട് വഴി പോകണം.
നാട്ടകത്ത് നിന്ന് എം.സി റോഡ് വഴി വരുന്ന കഞ്ഞിക്കുഴി, മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍ നിന്ന് കടുവാക്കുളം, കൊല്ലാട് വഴി പോകണം.
മണിപ്പുഴയില്‍ നിന്ന് വരുന്ന സ്വകാര്യ ബസുകള്‍ കോടിമതയിലെത്തി സർവീസ് അവസാനിപ്പിച്ച് തിരികെ പോകണം.
കടുത്തുരുത്തി, കുറവിലങ്ങാട് ഭാഗങ്ങളില്‍ നിന്നുള്ള വലിയ വാഹനങ്ങള്‍ പട്ടിത്താനം കവലയില്‍ നിന്ന് തിരുവഞ്ചൂർ, മണർകാട്, പുതുപ്പള്ളി വഴി പോകണം.
ഏറ്റുമാനൂരില്‍ നിന്ന് വരുന്ന ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ വട്ടമൂട് ജംഗ്ഷനില്‍ നിന്ന് കഞ്ഞിക്കുഴി വഴി പോകണം.
ഏറ്റുമാനൂരില്‍ നിന്നുള്ള സ്വകാര്യ ബസുകള്‍ ബേക്കർ ജംഗ്ഷൻ, ശീമാട്ടി റൗണ്ട്, സെൻട്രല്‍ ജംഗ്ഷൻ വഴി തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം. ചാലുകുന്നില്‍ നിന്നും വരുന്ന സ്വകാര്യ ബസുകളും ഇതേരീതിയില്‍ പോകണം.
തിരുവാർപ്പ്, തിരുവാതുക്കല്‍, കാരാപ്പുഴ ഭാഗങ്ങളില്‍ നിന്നുള്ള ബസുകള്‍ തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.
മണർകാട് നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മണർകാട് ജംഗ്ഷനില്‍ നിന്ന് പുതുപ്പള്ളി, തെങ്ങണ വഴി പോകണം. ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരുവഞ്ചൂർ, പേരൂർ വഴി പോകണം.
കെ.കെ റോഡ് വഴി വരുന്ന നാട്ടകം, ചിങ്ങവനം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍ നിന്ന് കൊല്ലാട്, കടുവാക്കുളം വഴി പോകണം.
കെ.കെ റോഡ് വഴി വരുന്ന സ്വകാര്യ ബസുകള്‍ തിരുനക്കര ബസ് സ്റ്റാൻഡിലെത്തി ശീമാട്ടി റൗണ്ട്, ശാസ്ത്രി റോഡ്, ലോഗോസ് ജംഗ്ഷൻ വഴി തിരികെ പോകണം.
പൊൻകുന്നം, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി ബസുകള്‍ ഐഡ ജംഗ്ഷൻ, മണിപ്പുഴ, ദിവാൻ കവല, കടുവാക്കുളം, പുതുപ്പള്ളി, മണർകാട് വഴി പോകണം.






