പത്തനംതിട്ട: സിപിഎം ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് 25 കുടുംബങ്ങള്‍ പാർട്ടിവിട്ട് ബിജെപിയില്‍ ചേർന്നു.
പത്തനംതിട്ട പരിയാരം സിപിഎം ലോക്കല്‍ കമ്മിറ്റിക്കെതിരെയാണ് കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയർന്നത്. ഇലന്തൂർ വരട്ടുചിറയില്‍ വീട് വെക്കാൻ മണ്ണെടുക്കുന്നതിന് പ്രവർത്തകർ 25,000 രൂപ കൈക്കൂലിയായി നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നാണ് പരാതി.
ഇലന്തൂർ പരിയാരം, വരട്ടുചിറ എന്നീ പ്രദേശങ്ങളിലെ 25 കുടുംബങ്ങളാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. പാർട്ടി വിട്ട കുടുംബങ്ങളെ ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുകയും പുതിയൊരു യൂണിറ്റ് സ്ഥാപിക്കുകയും ചെയ്തു.
സിപിഎം പ്രവർത്തകൻ ബാബുവിന്റെ കുടുംബം ഉള്‍പ്പെടെയുള്ളവർ പാർട്ടി വിട്ടിട്ടുണ്ട്. വർഷങ്ങളായി സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന കുടുംബങ്ങളായിരുന്നു ഇവർ. ഉയർന്നുവന്ന ആരോപണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് സിപിഎം പ്രാദേശിക നേതൃത്വം അറിയിച്ചു.






