കോട്ടയം : കേരള പോലീസിന്റെ സംസ്ഥാന വ്യാപക മയക്കുമരുന്ന് വിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തൂഫാൻ -ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി പിടികൂടിയ കഞ്ചാവ് കേസ് പ്രതിക്ക് 6 മാസത്തെ കരുതൽ തടങ്കൽ. കാപ്പാ ഉത്തരവ് ലംഘിച്ചതിന് പിന്നാലെയാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോട്ടയം തിരുവഞ്ചൂർ സ്വദേശിയായ അശ്വിൻ എ എന്നയാളെ ആറുമാസത്തേക്ക് കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവായത്.
നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള അശ്വിൻ എ.ക്കെതിരെ നേരത്തെ തന്നെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, 2007 പ്രകാരം എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് നടപടി സ്വീകരിച്ചിരുന്നു. കാപ്പ നിയമത്തിലെ 15(1)(b) വകുപ്പ് പ്രകാരമുള്ള ഉത്തരവനുസരിച്ച്, ഈ നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും ഉത്തരവ് ലംഘിക്കുന്നതിൽ നിന്നും പ്രതിയെ വിലക്കിയിരുന്നു.
എന്നാൽ ഈ ഉത്തരവ് നിലവിലിരിക്കെ പ്രതിയുടെ കൈവശത്ത് നിന്ന് 3.75 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അയർക്കുന്നം പോലീസ് എൻഡിപിഎസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇതോടെ കാപ്പ ഉത്തരവിലെ നിബന്ധനകൾ പ്രതി ലംഘിച്ചതായി കണ്ടെത്തി.
തുടർന്ന് പ്രതിയുടെ മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങളിൽ തുടർച്ചയായ പങ്കാളിത്തം കണക്കിലെടുത്ത് പിഐടിഎൻഡിപിഎസ് ആക്ട്, 1988-ലെ വകുപ്പ് 3(1) പ്രകാരം ആറുമാസത്തേക്ക് കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് നടപ്പിലാക്കി അയർക്കുന്നം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഹാജരാക്കി.
മയക്കുമരുന്ന് മാഫിയക്കെതിരായ ശക്തമായ നടപടികൾ തുടർന്നും കർശനമായി നടപ്പാക്കുമെന്നും, 'ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്' ദൗത്യത്തിന്റെ ഭാഗമായി ലഹരി കടത്ത്, സംഭരണം, വിതരണം എന്നിവയിൽ ഏർപ്പെടുന്നവർക്കെതിരെ നിയമത്തിന്റെ പരമാവധി ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി സാബു മാത്യു കെഎം ഐപിഎസ് അറിയിച്ചു.






