തിരുവനന്തപുരം : പൊതിച്ചോർ വിവാദത്തില്‍ മലക്കം മറിഞ്ഞ് ആരോഗ്യ മന്ത്രി കെ മുരളീധരന്. ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്ന് മുരളീധരൻ പറഞ്ഞു. ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടതാണ്. അവിടത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ സ്ഥലം കയ്യേറിയാണ് ഭക്ഷണ വിതരണം നടത്തുന്നത്. അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് മന്ത്രിയുടെ പുതിയ വിശദീകരണം.
സ്ഥലം കൈയ്യേറിയതിനാണ് എതിർപ്പ്, ആഹാരം കൊടുക്കുന്നതിനല്ല. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ തടയുന്ന നടപടിയാണിത്. ഈ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ മേഖലയിൽ സർക്കാർ ഇടപെടൽ നടത്തുന്നത്. ആശുപത്രിയിൽ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കമ്മ്യൂണിറ്റി കിച്ചണുമായി എല്ലാവരുടെയും സഹകരണം വേണം. കാരണം ആഹാരത്തിന് രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല. പാവങ്ങൾക്ക് ആഹാരം കിട്ടണമെന്നാണ് സർക്കാരിന്റെ താത്പര്യം. അത് ആര് കൊടുക്കുന്നു എന്നത് വിഷയമല്ലെന്നും മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.
ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാന്‍ പാടില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രസ്താവന. ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്നും ഈ പദ്ധതി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആദ്യം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം തുടങ്ങിയത്.






