കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ കോടതിയെ അവഹേളിക്കുന്ന തരത്തിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിറക്കിയെന്ന വിവാദത്തിൽ കെ. ബിജു ഐഎഎസ് ഹൈക്കോടതിയിൽ തിരുത്തിയ മാപ്പപേക്ഷ സമർപ്പിച്ചു. നിയമപരവും വസ്തുതാപരവുമായ കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് പ്രോസിക്യൂഷൻ അനുമതി നൽകിയതെന്നും, കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നും പുതിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
നേരത്തെ സമർപ്പിച്ച മാപ്പപേക്ഷ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതിനെ തുടർന്നാണ് തിരുത്തലുകളോടെ പുതിയ സത്യവാങ്മൂലം നൽകിയത്. കോടതി സമ്മർദ്ദത്തെ തുടർന്നാണ് പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയതെന്ന ധ്വനി സൃഷ്ടിക്കുന്ന തരത്തിലായിരുന്നു ആദ്യ ഉത്തരവെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.
ആദ്യ സത്യവാങ്മൂലത്തിൽ കേസ് രേഖകൾ സ്വതന്ത്രമായും വിശദമായും പരിശോധിച്ച ശേഷമാണോ തീരുമാനമെടുത്തതെന്ന് വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇക്കാര്യം വ്യക്തമായി ഉൾപ്പെടുത്തി പുതിയ മാപ്പപേക്ഷ സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. കോടതിക്കെതിരെ ഇത്തരം പരാമർശങ്ങൾ നടത്തിയാൽ ഒരു സർക്കാരിനും ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു.






