കോട്ടയം: 2014-ൽ സംസ്ഥാന സർക്കാരിന്റെ പക്കൽ 7,595.67 ചതുരശ്ര കിലോമീറ്റർ വനഭൂമിയും 887.38 ചതുരശ്ര കിലോമീറ്റർ വന പ്ലാന്റേഷനും ഉൾപ്പെടെ ആകെ 8,483.05 ചതുരശ്ര കിലോമീറ്റർ വനവിസ്തൃതിയാണുള്ളതെന്ന കൃത്യമായ കണക്ക് നിലനിൽക്കെ, 123 ഇ.എസ്.എ. (ESA) വില്ലേജുകളിലായി 9,107 ചതുരശ്ര കിലോമീറ്റർ വനമുണ്ടെന്ന് കാണിച്ച് കേന്ദ്ര സർക്കാരിന് കത്ത് നൽകിയതാണ് പരിസ്ഥിതിലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ഇത്രയും ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു.
മലയോര മേഖലയിൽ പരിസ്ഥിതിലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ഇത്രയും വലിയ ജനവിരുദ്ധ പ്രശ്നങ്ങൾക്കും ആശങ്കാജനകമായ സാഹചര്യത്തിനും വഴിവെച്ചത് ഇത്തരം തെറ്റായ കണക്കുകളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം കാണുന്നതിന്, 2014-ൽ കേന്ദ്ര സർക്കാരിന് നൽകിയ കത്തിന്റെ പകർപ്പും അന്നത്തെ 123 ഇ.എസ്.എ. വില്ലേജുകളിലെ ഓരോ വില്ലേജിലുമുള്ള കൃത്യമായ വനവിസ്തൃതിയുടെ വിവരങ്ങളും സർക്കാർ പൊതുജനങ്ങളെ അറിയിക്കണം.
കൂടാതെ, നിലവിൽ 8,590.69 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 98 വില്ലേജുകൾ മാത്രമാണ് ഇ.എസ്.എ. ആയി പരിഗണിക്കുന്നതെന്ന പരിസ്ഥിതി വകുപ്പ് മന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ, ആ 98 വില്ലേജുകളിലെ വില്ലേജ് അടിസ്ഥാനത്തിലുള്ള കൃത്യമായ വനവിസ്തൃതിയും സർക്കാർ അടിയന്തരമായി പരസ്യപ്പെടുത്തണം.
നിയമസഭാ സമ്മേളനം വിളിച്ച് ഐകകണ്ഠ്യേന പ്രമേയം പാസാക്കുന്നതിന് മുമ്പുതന്നെ ഇക്കാര്യങ്ങളിൽ സർക്കാർ വ്യക്തത വരുത്തേണ്ടതുണ്ട്. പശ്ചിമഘട്ട മേഖലയിലെ മലയോര കർഷകരുടെയും മറ്റ് ജനവിഭാഗങ്ങളുടെയും ആശങ്കകൾ പരിഹരിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പായി 2014-ലെയും നിലവിലെയും വില്ലേജ് അടിസ്ഥാനത്തിലുള്ള വനവിസ്തൃതി സംബന്ധിച്ച കണക്കുകൾ പൊതുജനങ്ങൾക്ക് മുന്നിൽ വയ്ക്കണം.
കൃത്യമായ വിവരങ്ങൾ പുറത്തുവന്നതിന് ശേഷമേ ഈ വിഷയത്തിൽ തുടർനടപടികളുമായി മുന്നോട്ടുപോകാൻ കഴിയൂവെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.






