തിരുവനന്തപുരം: പത്മജ വേണുഗോപാലിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ജിൻ്റോ ജോണ്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജിൻ്റോ ജോണ്‍ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.
കെടിഡിസി ചെയർപേഴ്സണായും ലോകസഭ നിയമസഭ തിരഞ്ഞെടുപ്പുകളിലെ നിരവധിവട്ട സ്ഥാനാർത്ഥിത്വവും കെപിസിസിയുടെ 'ഉത്തരവാദിത്തപ്പെട്ട' ഉന്നതസ്ഥാനങ്ങളുമെല്ലാം നല്‍കിയെങ്കിലും 'കടുത്ത അവഗണന' എന്ന് പറഞ്ഞ് പുറത്തുപോയി സോണിയ ഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും ഹൈക്കമാൻഡിനേയും പാർട്ടിയെ മൊത്തത്തിലും ആവോളം ആക്ഷേപിച്ചത് മറക്കാറായിട്ടില്ലെന്നും പത്മജ ബി.ജെ.പിയിലേക്ക് പോയപ്പോള്‍ കൊണ്ടുപോയത് കെ.കരുണാകരൻ്റെ പൊളിറ്റിക്കല്‍ ലെഗസിയാണെന്നും ജിൻ്റോ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.
ഒടുങ്ങാത്ത അധികാരാഗ്രഹങ്ങള് മാത്രമുള്ളവരെ തൃപ്തിപ്പെടുത്തി 'പരിഗണനകള്‍' കൊടുക്കാൻ മാത്രം സ്ഥാനങ്ങള്‍ ഈ പാർട്ടിയില്‍ ഇല്ലെന്നും തിരിച്ചറിയണം. മഴ മാറുമ്പോള്‍ കുടമടക്കി വച്ച് ഇറങ്ങിപ്പോയ പോലെ, വെയില് മാറിയപ്പോള്‍ ചോലയില്‍ നിന്ന് ഇറങ്ങി നടന്നപോലെ പരമാവധി അവസരങ്ങള്‍ ആസ്വദിച്ച ശേഷം ആക്ഷേപിച്ചു ഇറങ്ങി നടന്നവർക്ക് പരവതാനിയിട്ട് സ്വീകരിക്കും മുൻപ് ഒരു പൊതുനിലപാട് ഉണ്ടാകണമെന്നും ജിൻ്റോ പോസ്റ്റില്‍ നേതാക്കളെ ഓർമിപ്പിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം..
പത്മജ വേണുഗോപാല്‍ രണ്ടര വർഷം മുൻപ് 'വലത്തോട്ട്' നോക്കിയപ്പോള്‍ കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് കസേര ഇല്ലായിരുന്നുവത്രേ! 'ഒരുപാട് അപമാനവും അവഗണനയും വേദനയും സഹിച്ചാണ്' അവർ പതിറ്റാണ്ടുകള്‍ കോണ്‍ഗ്രസില്‍ നിന്നതത്രേ!! അങ്ങനെ 'അവഗണന സഹിച്ച്' മടുത്തപ്പോള്‍ അവരെ ബിജെപിയിലേക്ക് ആകർഷിച്ചത് മോദിജി ആണത്രേ!!!
രണ്ടര വർഷത്തിനുള്ളില്‍ കുറേയധികം മഴയും വെയിലും മഞ്ഞും കൊണ്ട് സാധാരണ പ്രവർത്തകർ തെരുവില്‍ പോരാടിയതിന്റെ ഫലമായി ഇന്ന് കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ പത്മജക്ക് വീണ്ടും ബിജെപിയില്‍ 'അവഗണന' തോന്നുന്നത് സ്വാഭാവികമാണ്. പത്മജ കോണ്‍ഗ്രസ് വിട്ടുപോയതിനിപ്പുറം അവർ മത്സരിച്ചു പരാജയപ്പെട്ട തൃശ്ശൂർ ഉള്‍പ്പെടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. അന്നവർ പോയപ്പോള്‍ സ്വന്തമായൊരു കസേര കൊണ്ടുപോകേണ്ടി വന്നു എന്നാണ് ഇന്നത്തെ കേള്‍വി. അതുകൊണ്ട് ബിജെപിയിലും അവർക്ക് കടുത്ത അവഗണനയായിരുന്നു. കൂടെയാളില്ലാത്തവരോട് അവഗണന കാണിക്കാതിരിക്കാൻ കോണ്‍ഗ്രസ്സല്ലല്ലോ ബിജെപി. പത്മജക്ക് ഒരൊറ്റ പ്രവർത്തകരേയോ അനുഭാവിയേയോ കൊണ്ടുപോകാൻ കഴിഞ്ഞില്ലെങ്കിലും അന്നവർ കൊണ്ടുപോയത് കെ കരുണാകരൻ എന്ന എക്കാലത്തേയും ലീഡറുടെ പൊളിറ്റിക്കല്‍ ലെഗസി ആയിരുന്നു. അച്ഛന്റെ മരണശേഷം അത്രയും അപമാനം ആ മനുഷ്യന് നല്കാൻ മാത്രം ഈ മകള്‍ക്ക് കഴിഞ്ഞു!
കെടിഡിസി ചെയർപേഴ്സണായും ലോകസഭ നിയമസഭ തിരഞ്ഞെടുപ്പുകളിലെ നിരവധിവട്ട സ്ഥാനാർത്ഥിത്വവും കെപിസിസിയുടെ 'ഉത്തരവാദിത്തപ്പെട്ട' ഉന്നതസ്ഥാനങ്ങളുമെല്ലാം നല്‍കിയെങ്കിലും 'കടുത്ത അവഗണന' എന്ന് പറഞ്ഞ് പുറത്തുപോയി സോണിയ ഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും ഹൈക്കമാൻഡിനേയും പാർട്ടിയെ മൊത്തത്തിലും ആവോളം ആക്ഷേപിച്ചത് മറക്കാറായിട്ടില്ല. മാത്രമല്ല, കടുത്ത ഇസ്ലാമോഫോബിയ പറഞ്ഞും പരമ്പരാഗത സംഘികളോട് പോലും കിടപിടിക്കുന്ന വെറുപ്പിന്റെ - വിദ്വേഷത്തിന്റെ രാഷ്ട്രീയം വിളമ്പിയും നിറഞ്ഞാടിയ രണ്ടര കൊല്ലത്തിന്റെ മുറിവുകള്‍ ഉണങ്ങാറായിട്ടില്ല.രാഷ്ട്രീയ വാർത്ത
അവർ തിരിച്ചു വന്നിട്ട് ഇവിടെ എന്ത് ചെയ്യാനാണ് എന്നുള്ള ചോദ്യത്തിന് ഉത്തരവുമില്ല. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം തെരുവില്‍ കോണ്‍ഗ്രസിനോടൊപ്പം അവരുണ്ടായിരുന്നോ? അവരെത്ര ഉണ്ടായിരുന്നു? അവരെത്ര സമരക്കേസുകളില്‍ പ്രതിയായിട്ടുണ്ട്? എത്ര വെയില് കൊണ്ടിട്ടുണ്ട്, പ്രയാസപ്പെട്ടിട്ടുണ്ട്? ഒന്നുമില്ല. പത്ത് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വലിയ ഭൂരിപക്ഷത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ്സിനെ തേടിയെത്തുന്നത് അധികാരവീത കൊതി മാത്രമാണ്.
അധികാര അലങ്കാരമില്ലാത്ത ഒരു നിമിഷം പോലും ചിന്തിക്കാനാകാത്തവരെ തിരിച്ചുകൊണ്ടുവന്ന് സ്ഥാനമാനങ്ങള്‍ നല്കി അവരെ ഇനിയും 'അവഗണന' നല്കി വിഷമിപ്പിക്കല്ലേ എന്ന അഭ്യർത്ഥനയുണ്ട് നേതൃത്വത്തോട്.
ഒടുങ്ങാത്ത അധികാരാഗ്രഹങ്ങള് മാത്രമുള്ളവരെ തൃപ്തിപ്പെടുത്തി 'പരിഗണനകള്‍' കൊടുക്കാൻ മാത്രം സ്ഥാനങ്ങള്‍ ഈ പാർട്ടിയില്‍ ഇല്ലെന്നും തിരിച്ചറിയണം. മഴ മാറുമ്പോള്‍ കുടമടക്കി വച്ച് ഇറങ്ങിപ്പോയ പോലെ, വെയില് മാറിയപ്പോള്‍ ചോലയില്‍ നിന്ന് ഇറങ്ങി നടന്നപോലെ പരമാവധി അവസരങ്ങള്‍ ആസ്വദിച്ച ശേഷം ആക്ഷേപിച്ചു ഇറങ്ങി നടന്നവർക്ക് പരവതാനിയിട്ട് സ്വീകരിക്കും മുൻപ് ഒരു പൊതുനിലപാട് ഉണ്ടാകണം. കാരണം അവർക്ക് ഈ പാർട്ടി വെറുമൊരു കുടയും തണലും മാത്രമായിരുന്നു. ഞങ്ങള്‍ക്ക് ആത്മാഭിമാന ബോധത്തിന്റെ പ്രതീകവും പ്രത്യയശാസ്ത്ര ബോധ്യവും. സാധാരണ കോണ്‍ഗ്രസ് പ്രവർത്തകരാരും സംഘികളുടെ ട്രെയിനിംഗില്‍ പങ്കെടുക്കാൻ ഒരാളേയും പറഞ്ഞുവിട്ടിട്ടില്ല. ആശ്രിത ആനുകൂല്യത്തില്‍ മാത്രം കിട്ടിയതൊന്നും പോരാഞ്ഞ് അധ്വാനമില്ലാതെ കിട്ടിയതിന്റെ ആ അധിക ദഹനക്കേടില്‍ പാർട്ടി വിട്ട് സംഘിത്താവളങ്ങളില് പോയി തിരിച്ചുവരുന്ന അപഥസഞ്ചാരകർക്കുള്ള അവസാന ഇടമല്ല കോണ്‍ഗ്രസ്.
ആമാശയ പൂരണത്തിനായി കടുത്ത വർഗീയതയും വിദ്വേഷവും വെറുപ്പും പറയുന്നവരുടെ വഴിയമ്പലമായി കോണ്‍ഗ്രസ്സിനെ മാറ്റരുത്. കരുണാകരന്റെ സ്മൃതി കൂടിരത്തില്‍ സംഘികളുടെ നഗരികാണിക്കല്‍ നടത്തിയതിന്റെ പാപക്കറ കഴുകി വെടിപ്പാക്കട്ടെ ആദ്യം. സംഘിക്കൂടാരത്തില് നിന്ന് അവധി വാങ്ങും മുൻപ് അഡ്മിഷൻ എടുക്കാനുള്ള ഭാഗ്യാനേഷികളുടെ ആശ്രയകേന്ദ്രമല്ല കോണ്‍ഗ്രസ്സെന്ന് നിലപാട് പറയണം. പാവപ്പെട്ട പ്രവർത്തകരുടെ വിയർപ്പിന്റെ ഉപ്പുംകൂട്ടി പരമാവധി ഉണ്ടുവളർന്നവർ തോന്നിയപോലെ ഇറങ്ങിനടന്ന് തിരികെയെത്തുമ്പോള്‍ ബന്ധുതർക്കം തീർത്തു കൊടുക്കാൻ ഇത് കുടുംബസ്വത്ത് വീതംവയ്ക്കലല്ല എന്ന് ഓർമ്മിപ്പിക്കണം. ഈ പാർട്ടിക്ക് വേണ്ടി തെരുവില്‍ പോരാടി ജയിച്ച മനുഷ്യരുടെ ആത്മാഭിമാനത്തിന്റേയും രാഷ്ട്രീയാന്തസ്സിന്റേയും ഓഹരി കൊടുക്കും മുമ്പ് ഞങ്ങള്‍ക്കും കൂടി ബോധ്യപ്പെടണം. പറ്റിത്തീനികള്‍ ബാക്കിവച്ച കോണ്‍ഗ്രസ്സിനെ കൊണ്ട് കുറേ മനുഷ്യർ രാപകലുകള്‍ പോരാടി നേടിയ വിജയത്തിന്റെ പങ്കുപറ്റാൻ വരുന്നവരുടെ മുൻചെയ്തികളെ മറക്കാനുള്ള സമയമെങ്കിലും തരൂ. ഉന്നത നേതാക്കളുടെ ഒറ്റവിളിയില്‍ മറക്കേണ്ടതല്ല ഞങ്ങളെപ്പോലുള്ള സാധാരണ പ്രവർത്തകർക്കേറ്റ മുറിവിന്റെയാഴം.
ഏതെങ്കിലും പഞ്ചായത്തിലെ പ്രാദേശിക അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ പാർട്ടിയുമായി അകന്ന പ്രവർത്തകർക്ക് പോലും തിരികെ വരാൻ ഒരുപാട് കടമ്പകള്‍ കടക്കണമെന്നിരിക്കെ സകല അധികാര സൗകര്യങ്ങളും കിട്ടിയതിന്റെ എല്ലിനിടയില്കുത്ത് കൊണ്ട് പാർട്ടിയെ, പണിയെടുക്കുന്ന പ്രവർത്തകരെ ആക്ഷേപിച്ച് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയപ്പോയവർക്കുള്ള എളുപ്പയിടമല്ല കെപിസിസി ഓഫീസെന്ന് ബോധ്യപ്പെടുത്തണം. തത്ക്കാല ഭാഗ്യാനേഷികളായി ബിജെപി വിടുന്നവർ ഒരല്പ്സമയം പുറത്തു നില്ക്കട്ടെ, പൊളിറ്റിക്കല്‍ ക്ലാരിറ്റി വരുത്തട്ടെ. ചിലർക്കൊക്കെ ഒരു ഹിതപരിശോധന വേണ്ടതല്ലേ? അവസര വാദത്തിന്റെ നാണംകെട്ട മാതൃകകള്‍ക്ക് ഒരു പരിധിയൊക്കെയില്ലേയെന്ന് മനുഷ്യർ ചോദിക്കുമ്പോള്‍ ഞങ്ങള്‍ക്ക്, പ്രവർത്തകർക്ക് ഉത്തരവും വേണ്ടേ?
ബിജെപിയോട് ഇ-മെയിലെങ്കിലും അയച്ച് രാജി പറയാനുള്ള മര്യാദ കാണിച്ച അവരന്ന് കോണ്‍ഗ്രസ്സിനെ തെരുവില്‍ നിർത്തിയത് എത്രമാത്രം അവജ്ഞയോടെയാണെന്ന് ഓർമ്മപ്പെടുത്തണം. ആര് വന്നാലും നമുക്ക് സ്വീകരിക്കാം. പക്ഷേ അതിനെല്ലാം പ്രവർത്തകർക്കും സാമാന്യജനത്തിനും മനസ്സിലാകുന്ന ഒരു രാഷ്ട്രീയ സാഹചര്യം കൂടി വേണ്ടതല്ലേ. ഇനിയുള്ള കാലമെങ്കിലും വിശ്വസിക്കാൻ പറ്റുന്നത്ര പശ്ചാതാപമുള്ള ധൂർത്തപുത്രരെന്ന് ബോധ്യപ്പെടുത്തട്ടെ. അവരൊന്നല്പ്പം കാത്ത് നില്ക്കട്ടെ. ക്ലാരിറ്റി വരുത്തട്ടെ. ഇനിയും ഇട്ടെറിഞ്ഞ് പോകില്ലെന്ന് ഉറപ്പാക്കട്ടെ. കോണ്‍ഗ്രസിനെ അടുത്ത പരിചയമില്ലാത്തവർ സിപിഎമ്മില്‍ നിന്നും ബിജെപിയില്‍ നിന്നും ഇങ്ങോട്ട് വരുന്നതുപോലെയല്ല പതിറ്റാണ്ടുകളോളം സർവ്വസൗകര്യങ്ങളും പറ്റി ഇവിടെ നിന്നവർ കൂടുതല്‍ 'മെച്ചങ്ങള്‍ക്കായി' ഇടയ്ക്ക് ഇട്ടെറിഞ്ഞ് പോയി അലഞ്ഞുതിരിഞ്ഞ് തിരിച്ചുവരുന്നത്. ആ പശ്ചാത്താപ വിവശത പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. ബിജെപി വിടുന്ന ഭാഗ്യാന്വേഷികളെ കാത്ത് വാതില്‍ തുറന്നിട്ടിരിക്കേണ്ട ഗതികേടില്‍ കോണ്‍ഗ്രസ് എത്തിയിട്ടില്ല. ഇതുവരേയും കോണ്‍ഗ്രസ്സിലേക്കെന്ന് പറയാത്തവരെ ക്ഷണിക്കുന്ന ആവേശക്കമ്മിട്ടിക്കാർ അതുകൊണ്ട് പൊടിക്കൊന്നടങ്ങണം. അവരെ ഒന്ന് പുറത്ത് നില്ക്കാനെങ്കിലും അനുവദിക്കൂ സ്വാഗത കമ്മറ്റിക്കാരേ… കോണ്‍ഗ്രസ്സില്‍ കിട്ടാത്ത 'സ്വാതന്ത്ര്യം' ആവോളം അനുഭവിച്ച ശേഷം പോരേ ഈ സ്വാഗതവിളമ്പരങ്ങള്?






