കൊച്ചി : കെഎസ്യുവിനെ വിമര്‍ശിച്ച മുഖ്യമന്ത്രി വിഡി സതീശനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം. ആര്‍എസ്എസ് പ്രവര്‍ത്തകനായ ഡിഎസ് ശരത്തിനെ സീനിയര്‍ ഗവ.പ്ലീഡറായി നിയമിച്ചതിനും പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്കും പിന്നാലെയാണ് ജിന്റോയുടെ ഫേസ്ബുക്ക് കുറിപ്പ്.
നിയമനം കിട്ടിയവരില്‍ പലരും അകന്ന ബന്ധുക്കളുടെ പോലും വിദൂര കോണ്‍ഗ്രസ് ബന്ധം ചികയുന്ന തിരക്കിലാണെന്നും കിട്ടിയ പോസ്റ്റില്‍ അവര്‍ക്ക് എങ്ങനെയെങ്കിലും അള്ളിപ്പിടിച്ചിരിക്കണമല്ലോയെന്നും അദ്ദേഹം കുറിച്ചു. കെഎസ്യുക്കാരെ ക്യാമ്പസില്‍ തല്ലുന്നവരെയും തല്ലുന്നതിന് പിന്തുണയ്ക്കുന്നവരെയും ന്യായീകരിക്കാന്‍ തന്റെ നാവ് പൊന്തില്ല. വീട്ടുകാര്‍ കോണ്‍ഗ്രസ് ആയതിന്റെ പേരില്‍ കൊടുക്കേണ്ടതല്ല രാഷ്ട്രീയ നിയമനങ്ങളെന്നും ജിന്റോ കൂട്ടിച്ചേര്‍ത്തു.
കെഎസ്യു വിമര്‍ശനത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ചോദ്യത്തോട് മുഖ്യമന്ത്രി നടത്തിയ പ്രതികരണവും വിവാദമായിരുന്നു. തിരുവനന്തപുരത്തെ കെഎസ്യുവാണോ ഗവ. പ്ലീഡറെ നിയമിക്കുന്നത് എന്നായിരുന്നു സതീശന് ചോദിച്ചത്. കെഎസ്യുവിന് ഗവ. പ്ലീഡര്‍ നിയമനത്തില്‍ എന്ത് കാര്യമെന്ന് ചോദിച്ച സതീശന്, ഒരു കാര്യവുമില്ലെന്നും പറഞ്ഞിരുന്നു.






