കോട്ടയം: സ്ത്രീ പുരുഷ ഭേദമന്യേ നമ്മള് എല്ലാവരും ധരിക്കാൻ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങളിലൊന്നാണ് ജീൻസ്.
കോളേജിലേക്ക് ആയാലും ജോലിക്ക് ആയാലും ഇനി ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാൻ ആയാലും ജീൻസ് ധരിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ജീൻസില്‍ എല്ലാവരും ശ്രദ്ധിച്ചിട്ടുളള ഒന്നാകും പിറകിലുളള ആ കുഞ്ഞൻ പോക്കറ്റ്. ചിലർ നാണയങ്ങള്‍ ഇട്ടുവയ്ക്കാൻ ഇത് ഉപയോഗിക്കുമ്പോള്‍ മറ്റുചിലർ അത് വെറുതെ ഒഴിച്ചിടുകയാണ് ചെയ്യുന്നത്.
എന്നാല്‍ ഈ കുഞ്ഞൻ പോക്കറ്റ് എന്തിനാണ് അവിടെ ഉള്ളതെന്ന് പലർക്കും അറിയില്ല. ഈ പോക്കറ്റിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ചരിത്രമുണ്ട്.
ജീൻസിലെ കുഞ്ഞൻ പോക്കറ്റിനെ വാച്ച് പോക്കറ്റ് എന്നാണ് വിളിക്കുന്നത്. അതിന് കാരണം പോക്കറ്റ് വാച്ചുകള്‍ സൂക്ഷിക്കുന്നതിനായാണ് പാന്റിന് പിറകില്‍ ആദ്യമായി ഇത് നിർമ്മാതാക്കള്‍ രൂപകല്‍പ്പന ചെയ്തത്. ജോലി ചെയ്യുമ്പോള്‍ തൊഴിലാളികള്‍ക്ക് അവരുടെ വാച്ചുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനുളള ഒരിടം.
വാച്ച് പോക്കറ്റ് എന്ന് മാത്രമല്ല കോയിൻ പോക്കറ്റ് എന്നും ജീൻസിന്റെ അഞ്ചാമത്തെ പോക്കറ്റ് എന്നും ഈ കുഞ്ഞനെ വിളിക്കാറുണ്ട്.
പോക്കറ്റ് വാച്ചുകള്ക്കായാണ് ഈ കീശ കൊണ്ടുവന്നതെങ്കിലും കാലം ചെല്ലും തോറും ഇത് ജീൻസുകളുടെ ഒരു സ്ഥിരം ഭാഗമായി മാറി. പല ബ്രാൻഡുകളും ഇന്നും തങ്ങളുടെ ഡിസൈനുകളില്‍ ഇത് ഉള്‍പ്പെടുത്തുന്നുണ്ട്.
പോക്കറ്റ് വാച്ചുകള്‍ ഇന്ന് സാധാരണമല്ലാത്തതിനാല്‍ ആളുകള്‍ ഈ ചെറിയ പോക്കറ്റിന് മറ്റ് ഉപയോഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചിലർ ഇതിനുള്ളില്‍ നാണയങ്ങളോ മടക്കിയ നോട്ടുകളോ ചെറിയ മറ്റെന്തെങ്കിലും വസ്തുക്കളോ സൂക്ഷിക്കുന്നു. വർഷങ്ങളായി ജീൻസുകളില് വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പുതിയ സ്റ്റൈലുകളും ഡിസൈനുകളും വ്യത്യസ്ത ഫിറ്റുകളും വരെ. എന്നാല്‍ ഈ കുഞ്ഞൻ പോക്കറ്റിന് മാത്രം വലിയ മാറ്റമൊന്നും വന്നിട്ടില്ല.






