ജയ്പൂർ: കള്ളന്മാരില്നിന്ന് പണം സുരക്ഷിതമായി സൂക്ഷിക്കാനാണ് പലരും ബാങ്കിനെ ആശ്രയിക്കുന്നത്. എന്നാല്‍ രാജസ്ഥാനിലെ ഒരു കർഷകൻ അഞ്ചുലക്ഷം രൂപ ബാങ്കിലിടുന്നതിന് പകരം കൃഷിയിടത്തില്‍ കുഴിച്ചിടുകയായിരുന്നു.
എന്നാൽ ഒരു വർഷത്തിന് ശേഷം ആ പണം കണ്ടെത്തിയപ്പോള്‍ കർഷകനും കുടുംബത്തിനും ലഭിച്ചത് ഞെട്ടിക്കുന്ന കാഴ്ച. ചിതലുകള്‍ തിന്ന് നശിച്ച നോട്ടുകളുടെ അവശിഷ്ടങ്ങളാണ് ബാഗിനുള്ളില്‍ ഉണ്ടായിരുന്നത്.
രാജസ്ഥാനിലെ ബാലോത്ര ജില്ലയിലെ പച്പദ്ര സ്വദേശിയായ മംഗിലാല്‍ മേഘ്വാളിനാണ് ഈ ദുരനുഭവം. ഒരു വർഷം മുൻപ് ഒരു സ്ഥലം വിറ്റതിലൂടെ ലഭിച്ച അഞ്ചുലക്ഷം രൂപയാണ് അദ്ദേഹം കൃഷിയിടത്തില്‍ ഒളിപ്പിച്ചത്.
ഈ പണം ഉപയോഗിച്ച് ഫാമില്‍ ഒരു മുറി നിർമിക്കാനായിരുന്നു മംഗിലാലിന്റെ പദ്ധതി. എന്നാല്‍ പണം വീട്ടില്‍ സൂക്ഷിച്ചാല്‍ മോഷണം പോകുമെന്ന ഭയവും കുടുംബാംഗങ്ങള്‍ പണം ചെലവഴിച്ചുകളയുമെന്ന ആശങ്കയും മംഗിലാലിനുണ്ടായിരുന്നു. ഇതോടെ ആരോടും പറയാതെ പണം കൃഷിയിടത്തില്‍ തന്നെ ഒളിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.






