ന്യൂഡല്‍ഹി : ജന്തര്‍ മന്തര്‍ പ്രതിഷേധ സ്ഥലമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രതിഷേധങ്ങള്‍ക്ക് ഇനി ജന്തര്‍ മന്തര്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പകരം രാംലീല മൈതാന്‍, മുരാരി ഗ്രൗണ്ട്, സിബിഡി ഗ്രൗണ്ട്, ഈസ്റ്റ് ഡല്‍ഹി എന്നിവിടങ്ങളില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തിനായി മതിയായ ഒരു വേദി കണ്ടെത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം രൂപീകരിച്ച സമിതിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ സ്ഥലങ്ങള്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടങ്ങളില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തുന്നതിനുള്ള പൊതുവായ പ്രവര്‍ത്തന മാനദണ്ഡം ഉടന്‍ പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കാലങ്ങളായി ഡൽഹിയിൽ പ്രതിഷേധ സ്ഥലമായി ഉപയോഗിക്കുന്നയിടമാണ് ജന്തർ മന്തർ. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിലേക്കുള്ള പ്രതിഷേധം കടുക്കുന്നതിനിടെയാണ് ഇപ്പോൾ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. സിജെപിയുടേത് അടക്കമുള്ള ജന്തർ മന്തർ മാർച്ച് പൊലീസ് തടഞ്ഞിരുന്നു. ജന്തർ മന്തറിലേക്ക് പ്രതിഷേധം നടത്താൻ അനുമതി ആവശ്യപ്പെട്ട് സിജെപി പൊലീസിന് നോട്ടീസ് നൽകിയെങ്കിലും ഇത് നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.






